Asianet News MalayalamAsianet News Malayalam

'ജെഎന്‍യു വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണം'; ദില്ലി ലഫ്. ഗവര്‍ണര്‍ക്ക് അമിത് ഷായുടെ നിര്‍ദേശം

ഗവര്‍ണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് അമിത് ഷാ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്

amit shah asked delhi Lieutenant governor to meet jnu students
Author
Delhi, First Published Jan 6, 2020, 10:46 AM IST

ദില്ലി: ഗുണ്ടാ വിളയാട്ടമുണ്ടായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ദില്ലി  ലഫ്. ഗവർണർക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി. ക്യാമ്പസിനുള്ളില്‍ വച്ച് അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ സംഘം തല്ലിച്ചതച്ച സംഭവത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ ലഫ് ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ഗവര്‍ണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് അമിത് ഷാ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലായിരുന്ന ജെഎന്‍യു ക്യാമ്പസിലാണ് ഗുണ്ടകള്‍ വിളയാടിയത്. ഇതുകൊണ്ട് തന്നെ സംഭവത്തില്‍ നീതി കിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ഇന്നലെ അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറുമായും ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ദില്ലി പൊലീസില്‍ നിന്നും ലഭിക്കാത്ത നീതി സുപ്രീംകോടതിയില്‍ നിന്ന് ലഭിക്കുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. അതേസമയം, ക്യാംപസില്‍ കടന്നു കയറിയ അക്രമിസംഘം അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെ എബിവിപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധ പ്രകടനത്തിനായി ഇന്ന് മൂന്ന് മണിക്ക് ക്യാമ്പസില്‍ സംഘടിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് എബിവിപി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനിടെ ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രണമുവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. ജെഎന്‍യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. 

Follow Us:
Download App:
  • android
  • ios