ദില്ലി: രാഷ്ട്രീയവിവാദങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാളിൽ. ഉച്ചക്ക് 2 മണിക്ക് മിഡ്നാപ്പൂരിൽ അമിത്ഷായുടെ റാലി നടക്കും. രാവിലെ രാമകൃഷ്ണ മിഷനിൽ സന്ദര്‍ശനം നടത്തിയ ശേഷമാകും അമിത് ഷായുടെ ബംഗാൾ പര്യടനം തുടങ്ങുക. തൃണമൂൽ കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ച നിരവധി നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന. സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂൽ എംഎൽഎയായ സിൽഭദ്ര ദത്തയും ഇന്നലെ രാജിവെച്ചിരുന്നു. കൂടാതെ തൃണമൂൽ ന്യൂനപക്ഷ സെൽ കണ്‍വീനര്‍ കബീറുൾ ഇസ്ളാമും രാജി നൽകിയിട്ടുണ്ട്. 

അമിത് ഷായുടെ ബംഗാൾ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സുരക്ഷ വിലയിരുത്താൻ ഇന്നലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ബംഗാൾ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായി വീഡിയോ കോണ്‍ഫറൻസിംഗ് വഴി സംസാരിച്ചിരുന്നു. ചര്‍ച്ചക്കായി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം മമത സര്‍ക്കാര്‍ തള്ളിയിരുന്നു. നേരത്തെ ജെ പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനയെ കൂടി സുരക്ഷക്കായി വിന്യസിക്കും.