ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗത്തില്‍ പങ്കെടുത്തേക്കും. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നോര്‍ത്ത് ബ്ലോക്കില്‍ വൈകുന്നേരം അഞ്ചിന് യോഗം ചേരും. ദില്ലിയിലെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട് രണ്ടുതവണയാണ് അരവിന്ദ് കെജ്രിവാളും അമിത് ഷായും മുമ്പ് കൂടിക്കാഴ്ച നടത്തിയത്. ആശുപത്രികളിലെ സൗകര്യക്കുറവും ബെഡുകളുടെയും ഐസിയു കുറവുകളും ഇരുവരും ചര്‍ച്ച ചെയ്‌തേക്കും.

ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ദില്ലിയില്‍ കുറഞ്ഞിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും ഐസിയുകളും കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാന്‍ ഹൈക്കോടതി ദില്ലി സര്‍ക്കാറിന് അനുമതി നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ദില്ലി സര്‍ക്കാര് എല്ലാ നിയന്ത്രണങ്ങളും നീക്കിയതാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വലിയ രീതിയിലാണ് ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.