ദില്ലി: കൊവിഡ്  19 പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കൺട്രോൾ റൂമിന്‍റെ പ്രവർത്തനങ്ങൾ അമിത് ഷാ അവലോകനം ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച  കൺട്രോൾ റൂം പ്രവർത്തനം വിലയിരുത്താൻ ദില്ലിയിലാണ് അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ്‌ 19 സ്ഥിതിഗതികൾ സംബന്ധിച്ച്‌ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും അവർ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പകർച്ചവ്യാധിയ്‌ക്കെതിരെ പോരാടുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ  കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനങ്ങളുമായി മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുമായി ചേർന്ന്‌ പ്രതിരോധപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ജി കിഷൻ റെഡ്ഡി തുടങ്ങിയവരും കൺട്രോൾ റൂമിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. സാമൂഹ്യ അകല മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ്‌ യോഗം ചേർന്നത്‌.