ശ്രീനഗര്‍:  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക് കടന്നു. വീരമൃത്യു വരിച്ച പൊലീസുകാരന്‍ അര്‍ഷദ് ഖാന്‍റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്ര പ്രതിനിധി എത്തുമ്പോള്‍ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കുക എന്ന പതിവ് ഒരു സംഘടനയുടെ ഭാഗത്ത് നിന്നും ഇക്കുറി ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.  അമിത് ഷായുടെ സന്ദര്‍ശനത്തോടുള്ള വിഘടനവാദി സംഘടനകളുടെ മൗനം ദുരൂഹമാണെന്നും വിലയിരുത്തലുകളുണ്ട്.

30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രപ്രതിനിധി എത്തുമ്പോള്‍ വിഘടനവാദി സംഘടനകള്‍ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കാത്തത്. സയിദ് അലി ഷാ ഗിലാനിയുടെയോ മിര്‍വൈസ് ഉമര്‍ ഫറൂഖിന്‍റെയോ നേതൃത്വത്തിലുളള ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളും ബന്ദിന് ആഹ്വാനം ചെയ്യുകയോ കേന്ദ്രവിരുദ്ധ പ്രസ്താവനകള്‍ പുറത്തിറക്കുകയോ ചെയ്തിട്ടില്ല. ഫെബ്രുവരി 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരില്‍ എത്തിയപ്പോള്‍ സംയുക്തബന്ദിന് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. 

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇന്ന് രാവിലെയാണ് അര്‍ഷദ് ഖാന്‍റെ കരണ്‍ നഗറിലെ വീട്ടിലെത്തിയത്. അര്‍ഷദ് ഖാന്‍റെ കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ജൂണ്‍ 12ന് അനന്ത്നാഗില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് അര്‍ഷദ് ഖാന്‍ വീരമൃത്യു വരിച്ചത്. 

ബുധനാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുനന്തിനുള്ള പ്രത്യേക യോഗം. കശ്മീരിന്‍റെ വികസനം, അടിസ്ഥാനസൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം സംസ്ഥാനസര്‍ക്കാരുമായി അമിത് ഷാ ചര്‍ച്ച നടത്തി. ഭരണനേട്ടങ്ങളും ആനുകൂല്യങ്ങളും പാവപ്പെട്ടവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാരിന് അമിത് ഷാ നിര്‍ദേശം നല്‍കിയതായും ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.