Asianet News MalayalamAsianet News Malayalam

അമിത് ഷാ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ നടപടി സഹമന്ത്രിക്കെതിരെ

അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനമേറ്റതിന് ശേഷം ആദ്യ നടപടി സഹമന്ത്രിക്കെതിരെ. ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമാവുകയാണെന്ന വിവാദ പാരാമര്‍ശം നടത്തിയതിന് പിന്നാലെ സഹമന്ത്രിയെ അമിത് ഷാ ശാസിച്ചു.  

Amit Shah pulls up MoS Home G Kishan Reddy for calling Hyderabad terror haven
Author
Delhi, First Published Jun 1, 2019, 6:52 PM IST

ദില്ലി: അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനമേറ്റതിന് ശേഷം ആദ്യ നടപടി സഹമന്ത്രിക്കെതിരെ. ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമാവുകയാണെന്ന വിവാദ പാരാമര്‍ശം നടത്തിയതിന് പിന്നാലെ സഹമന്ത്രിയെ അമിത് ഷാ ശാസിച്ചു.  രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ നടക്കുന്ന  ഭീകര പ്രവര്‍ത്തനങ്ങളുടെ വേരുകള്‍ ഹൈദരാബാദിലേക്കാണ് നീളുന്നതെന്നായിരുന്നു സഹമന്ത്രി കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം. 

ബംഗ്ലാദേശില്‍ നിന്നും മ്യാന്മാറില്‍ നിന്നും വരുന്ന അനധികൃത കുടിയേര്റക്കാര്‍ ഹൈദരാബാദില്‍ താവളമാക്കുന്നുണ്ടെന്നും ഇതിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടിയെടുക്കുമെന്നും  കിഷന്‍ പറഞ്ഞു. തെലങ്കാനയില്‍ സെക്കന്ദരാാദില്‍ നിന്നുള്ള എംപിയാണ് കിഷന്‍ റെഡ്ഡി.

അതേസമയം പരാമര്‍ശത്തില്‍ പ്രതികരണവുമായി ഹൈദരാബാദ് എംപി അസദുദീന്‍ ഒവൈസി രംഗത്തെത്തി. മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടാണ് പരാമര്‍ശമെന്നും സഹമന്ത്രിയുടെ വാദത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കാണിക്കണമെന്നും ഏതെങ്കിലും ഏജന്‍സിയുടെ റിപ്പോര്‍ട്ടാണെങ്കില്‍ അത് പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദം കത്തിയതോടെയാണ് അമിത് ഷായുടെ ഇടപെടല്‍. സത്യപ്രതിജ്ഞ നടന്ന ദിവസം തന്നെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ബിജെപി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് ചുമതലയേറ്റതിന് പിന്നാലെയുള്ള ആദ്യ നടപടി തന്നെ സഹമന്ത്രിക്കുള്ള ശാസനയില്‍ എത്തിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗും ഇന്ന് രാവിലെയാണ് ചുമതലയേറ്റത്. വസതിയില്‍ പ്രത്യേക പൂജയും ഹോമവും നടത്തിയ ശേഷമാണ് അമിത് ഷാ രാവിലെ 12.10ഓടെയാണ് നോര്‍ത്ത് ബോക്കിലെ അഭ്യന്തരമന്ത്രാലയത്തിന്‍റെ ഓഫീസില്‍ എത്തി ചുമതല ഏറ്റെടുത്തത്. മറ്റു മന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വന്‍പട തന്നെ അമിത് ഷായുടെ അധികാരമേറ്റെടുക്കലിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

അഭ്യന്തരവകുപ്പ് സെക്രട്ടറിയും ഇന്ന് രാവിലെ ചുമതലയേറ്റെടുത്ത സഹമന്ത്രിമാരും ചേര്‍ന്ന് അമിത് ഷായെ ഓഫീസിലേക്ക് സ്വാഗതം ചെയ്തു. ഓഫീസില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും സഹമന്ത്രിമാരുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios