തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീർ ഉൾപ്പെട്ട 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. ബിജെപിക്ക് കബീറുമായി യാതൊരു ബന്ധവുമില്ലെന്നും വീഡിയോ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഹുമയൂൺ കബീർ ആരോപിച്ചു.

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ ഹുമയൂൺ കബീറുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദ 'സ്റ്റിംഗ് ഓപ്പറേഷൻ' വീഡിയോ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ അയോധ്യയിലെ ബാബറി മസ്ജിന്‍റെ മാതൃകയിൽ പള്ളി പണിയാൻ ശ്രമിക്കുന്നവരുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരക്കാരുമായി കൈകോർക്കുന്നതിനേക്കാൾ 20 വർഷം പ്രതിപക്ഷത്തിരിക്കാനാണ് ബിജെപിക്ക് താൽപ്പര്യമെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി നേതാക്കളുമായി 1000 കോടി രൂപയുടെ കരാർ ഒപ്പിട്ടുവെന്ന് ഹുമയൂൺ കബീർ അവകാശപ്പെടുന്ന വീഡിയോ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് വൈറലായത്. എന്നാൽ ഇത്തരത്തിലുള്ള രണ്ടായിരത്തോളം വ്യാജ വീഡിയോകൾ നിർമ്മിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കെൽപ്പുണ്ടെന്ന് അമിത് ഷാ പരിഹസിച്ചു. ഹുമയൂൺ കബീറും ബിജെപിയും തെക്കൻ ധ്രുവവും വടക്കൻ ധ്രുവവും പോലെയാണെന്നും ഒരിക്കലും ഒന്നിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരം കോടി പോയിട്ട് നൂറ് കോടി പോലും വിലയില്ലാത്ത നേതാവാണ് കബീറെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും പരിഹസിച്ചു.

അതേസമയം, പ്രചരിക്കുന്ന വീഡിയോ കൃത്രിമമാണെന്നും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നുമാണ് ഹുമയൂൺ കബീറിന്‍റെ വാദം. മുസ്ലിം വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ തൃണമൂൽ കോൺഗ്രസ് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിവാദം കടുത്തതോടെ കബീറിന്റെ പാർട്ടിയായ ആം ജനതാ ഉന്നയൻ പാർട്ടിയുമായുള്ള (AJUP) സഖ്യം അവസാനിപ്പിക്കുന്നതായി ഒവൈസിയുടെ എഐഎംഐഎം (AIMIM) പ്രഖ്യാപിച്ചു.