ന്യൂ ഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രാലയലത്തിൽ എത്തി ചുമതലയേറ്റു.  12. 10ആണ് ചുമതല ഏറ്റെടുക്കുവാൻ അമിത് ഷായ്ക്ക് നൽകിയ സമയം. ആഭ്യന്തര മന്ത്രാലയത്തിന് മുന്നിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അടക്കമുള്ള ഉദ്യോഗസ്ഥർ അമിത് ഷായെ സ്വീകരിച്ചു. പ്രത്യേക പൂജകൾക്ക് ശേഷമാണ് അമിത് ഷാ ചുമതല ഏറ്റെടുക്കാൻ എത്തിയത്. അമിത് ഷാ വരുന്നതിന്  മുമ്പ് മന്ത്രാലയത്തിലും ഓഫീസിലും പൂജകൾ നടത്തിയിരുന്നു.

പ്രോട്ടോക്കോൾ പ്രകാരം രാജ്‍നാഥ് സിംഗാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെങ്കിലും ഫലത്തിൽ രണ്ടാമൻ ഇനിമുതൽ അമിത് ഷാ ആയിരിക്കും. പാർട്ടി അധ്യക്ഷ സ്ഥാനത്തെ അനിഷേധ്യ നേതാവായ അമിത് ഷാ ഭരണതലത്തിൽ സുപ്രധാന സ്ഥാനത്തേക്ക് എത്തുന്നതോടെ ബിജെപി ഭരണത്തിന്‍റെ അധികാരത്തുടർച്ച സംബന്ധിച്ച സൂചനകളും രൂപപ്പെടുകയാണ്. സുഷമ സ്വരാജും അരുൺ ജെയ്റ്റ്‍ലിയും പ്രധാന ചുമതലകളിൽ നിന്ന് ആരോഗ്യ കാരണങ്ങളാൽ ഒഴിവായി, മനോഹർ പരീക്കർ അന്തരിച്ചു. ഇനി കേന്ദ്രത്തിലെ ഏറ്റവും കരുത്തുള്ള അധികാരഘടന മോദിയിലേക്കും അമിത്ഷായിലേക്കും കേന്ദ്രീകരിക്കുകയാണ്. ഒപ്പം രാജ്‍നാഥ് സിംഗ്, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിങ്ങനെ പുതിയ ശ്രേണിയും രൂപപ്പെടുന്നു.

കശ്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370ആം വകുപ്പ്, 35 എ അനുച്ഛേദം എന്നിവ റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് അമിത് ഷാ നീങ്ങുമോ എന്നാണ് ഇനി കാണേണ്ടത്. പക്ഷേ ഭരണഘടന തിരുത്തിയെഴുതാൻ പാർലമെന്‍റിൽ ഭൂരിപക്ഷം വേണം. അത്തരം തീരുമാനങ്ങൾക്കായി രാജ്യസഭയിൽ ഭൂരിപക്ഷമുണ്ടാകാൻ രണ്ട് വർഷം കൂടി മോദിക്കും അമിത് ഷായ്ക്കും കാത്തിരിക്കേണ്ടിവരും