ദില്ലി: കർണാടകയിലെയും മഹാരാഷ്ട്രയിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യോമനിരീക്ഷണം നടത്തി. പ്രളയം ഏറ്റവും കൂടുതൽ രൂക്ഷമായ ബെലഗാവി ജില്ലയ്ക്ക് മുകളിലൂടെയാണ് അമിത് ഷാ ഹെലികോപ്റ്ററിലൂടെ നിരീക്ഷണം നടത്തിയത്. കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു.

പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അമിത് ഷാ വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്താണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു.

കർണാടകയിൽ ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴയിൽ മുപ്പതിലധികം പേരാണ് മരിച്ചത്.  മഴ കുറഞ്ഞെങ്കിലും വടക്കൻ കർണാടകത്തിലെ ബെലഗാവി, ഹവേരി ജില്ലകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് ഗ്രാമീണർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളപൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ സംയുക്തസേനയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.