ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷായും പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗും ചുമതലയേറ്റു. വസതിയില്‍ പ്രത്യേക പൂജയും ഹോമവും നടത്തിയ ശേഷമാണ് അമിത് ഷാ രാവിലെ 12.10ഓടെയാണ് നോര്‍ത്ത് ബോക്കിലെ അഭ്യന്തരമന്ത്രാലയത്തിന്‍റെ ഓഫീസില്‍ എത്തി ചുമതല ഏറ്റെടുത്തത്. മറ്റു മന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങളുടേയും ഉദ്യോഗസ്ഥരുടേയും വന്‍പട തന്നെ അമിത് ഷായുടെ അധികാരമേറ്റെടുക്കലിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. 

അഭ്യന്തരവകുപ്പ് സെക്രട്ടറിയും ഇന്ന് രാവിലെ ചുമതലയേറ്റെടുത്ത സഹമന്ത്രിമാരും ചേര്‍ന്ന് അമിത് ഷായെ ഓഫീസിലേക്ക് സ്വാഗതം ചെയ്തു. ഓഫീസില്‍ എത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും സഹമന്ത്രിമാരുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ച നടത്തി. 

സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തില്‍ എത്തിയ രാജ്നാഥ് സിംഗിനെ പ്രതിരോധസെക്രട്ടറിയും മൂന്ന് സേനാതലവന്‍മാരും കൂടി ചേര്‍ന്നാണ് സ്വീകരിച്ചത്. റഫാൽ കേസ് സുപ്രീം കോടതിയിൽ തുടരുമ്പോഴാണ് രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിൽ എത്തുന്നത്. പ്രകാശ് ജാവദേക്കറും ഇന്ന്  പരിസ്ഥിതി മന്ത്രിയായി ചുമതലയേറ്റു. കസ്തൂരിരംഗൻ റിപ്പോർട്ട് ഉൾപ്പടെ നയപരമായ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരണമില്ലെന്ന് ജാവദേക്കർ വ്യക്തമാക്കി. 

കേന്ദ്രസര്‍ക്കാരിലെ സൂപ്പര്‍ പവറാണ് അഭ്യന്തരവകുപ്പ്. അഭ്യന്തരസുരക്ഷയും സംസ്ഥാനങ്ങളുമായുള്ള ഇടപെടലിലും അഭ്യന്തരമന്ത്രാലയത്തിന്‍റെ ഇടപെടല്‍ നിര്‍ണായകമാണ്. സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ അര്‍ധസൈനികവിഭാഗങ്ങളുടെ മേല്‍നോട്ടവും അഭ്യന്തരമന്ത്രാലയത്തിനാണ്.

ഒന്നാം മോദി സര്‍ക്കാരില്‍ രാജ്നാഥ് സിംഗായിരുന്നു അഭ്യന്തരമന്ത്രി ഇക്കാലയളവില്‍ പ്രധാമന്ത്രിയുടെ ഓഫീസിന്‍റെ താത്പര്യത്തിലും നിയന്ത്രണത്തിലുമാണ് അഭ്യന്തരവകുപ്പ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അമിത് ഷാ തലപ്പത്ത് വരുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും എന്നാണ് വിലയിരുത്തല്‍. ശക്തമായ അഭ്യന്തരവകുപ്പിനെയാവും ഇനി കാണാന്‍ സാധിക്കുക. 

അടുത്ത അഞ്ച് വര്‍ഷം അഭ്യന്തരമന്ത്രി എന്ന നിലയില്‍ അമിത് ഷാ എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി മാറിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബിജെപിക്ക് രാഷ്ട്രീയ താത്പര്യങ്ങളുള്ള കശ്മീര്‍, 370, 35 എ വകുപ്പുകള്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, ജാതി സെന്‍സസ് എന്നീ വിഷയങ്ങള്‍ അമിത് ഷാ എങ്ങനെയാവും കൈകാര്യം ചെയ്യുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. 

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തു കളയുന്നതിന് ഒരു വര്‍ഷം കൂടി ബിജെപി കാത്തിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2020-ഓടെ രാജ്യസഭയിലും ബിജെപി ഭൂരിപക്ഷം നേടും. ഇതിന് ശേഷമായിരിക്കും 370-ാം വകുപ്പ്, 35 എ വകുപ്പ് അടക്കമുള്ള വിവാദവിഷയങ്ങളില്‍ ബിജെപി ശരിക്കും കൈവയ്ക്കുക. 

രാഷ്ട്രപതി ഭരണം തുടരുന്ന ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടത് അഭ്യന്തരവകുപ്പാണ്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടായേക്കും. വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ച ദേശീയ പൗരത്വ രജിസ്റ്റർ, 2021 സെന്‍സസ് ജാതി അടിസ്ഥാനത്തില്‍ നടത്തുക തുടങ്ങിയ വിവാദ വിഷയങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകും.

പൗരത്വ ബില്ലുമായി മുന്നോട്ടു പോകുമെന്നാണ് ബിജെപി നിലപാട്. അനധികൃത കുടിയേറ്റക്കാരെ ചിതലുകൾ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ദില്ലി നിയസഭാ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം വരാനിരിക്കുന്നതിനാല്‍ അവിടുത്തെ രാഷ്ട്രീയസ്ഥിതിഗതികളെ സ്വാധീനിക്കുന്ന തീരുമാനങ്ങളാവും ആദ്യം നോര്‍ത്ത് ബ്ലോക്കില്‍ നിന്നുണ്ടാവുക.