Asianet News MalayalamAsianet News Malayalam

'അമ്മ ഉടൻ എത്തും'; ശശികലയെ വരവേൽക്കാൻ അമ്മ മക്കൾ മുന്നേറ്റ കഴകം, തമിഴ്നാട് രാഷ്ട്രീയത്തിൽ പുത്തൻ അലയൊലികൾ

അടുത്ത ആഴ്ച ജയില്‍മോചിതയാകുന്ന ശശികലയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബെംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി ശക്തിപ്രകടനവുമാണ് നിശ്ചയിച്ചിരിക്കുന്നത്

Amma Makkal Munnetha Kazhakam to welcome Shashikala new waves in Tamil Nadu politics
Author
Kerala, First Published Jan 20, 2021, 5:02 PM IST

ചെന്നൈ: അടുത്ത ആഴ്ച ജയില്‍മോചിതയാകുന്ന ശശികലയ്ക്ക് വന്‍ വരവേല്‍പ്പ് നല്‍കാനൊരുങ്ങി അമ്മ മക്കള്‍ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍. ബെംഗളൂരു ജയില്‍ മുതല്‍ വാഹന റാലിയും ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി ശക്തിപ്രകടനവുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

ജനുവരി 27 ന് മോചിപ്പിക്കുമെന്ന് ജയിൽ അധികൃതരുടെ അറിയിപ്പ് ലഭിച്ചുവെന്ന് ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയ്ക്കായി കാത്തിരിക്കുകയാണ്, ശശികല അമ്മ ഉടന്‍ ഇവിടേക്ക് വരും എന്ന്  മന്നാര്‍ഗുഡി കുടുംബവും പ്രതികരിക്കുന്നു.

തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതിനിടെ നിര്‍ണായക വഴിത്തിരിവിലാണ് തമിഴ്നാട് രാഷ്ട്രീയം എത്തിനിൽക്കുന്നത്.  ഈ മാസം 27ന് രാവിലെ 10 മണിക്ക് ശശികല ജയില്‍മോചിതയാകും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. പത്ത് കോടി രൂപ ബെംഗളൂരു പ്രത്യേക കോടതിയില്‍ അടച്ചതോടെയാണ് ജയില്‍മോചനത്തിന് വഴിയൊരുങ്ങിയത്.

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചാരണം തുടങ്ങിയെങ്കിലും അമ്മ മക്കള്‍ മുന്നേറ്റ കഴകം ശശികലയ്ക്കായി കാത്തിരിക്കുകയാണ്. ബെംഗളൂരുവില്‍ നിന്ന് ചെന്നൈ വരെയുള്ള യാത്ര ശക്തിപ്രകടനമാക്കി മാറ്റും. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് വാഹന റാലിയായി ആനയിക്കും. ചെന്നൈയില്‍ പ്രവര്‍ത്തകരെ അണിനിരത്തി പ്രചാരണത്തിന് തുടക്കം കുറിക്കും.

ശശികലയുടെ മോചനത്തിന് പിന്നാലെ അണ്ണാഡിഎംകെ പിളരുമെന്ന് ടിടിവി ദിനകരന്‍ അവകാശപ്പെട്ടു.
ശശികലയ്ക്കൊപ്പം ജയലളിതയുടെ വളര്‍ത്തുപുത്രന്‍ സുധാകരനും ഇളവരശിയും ജയില്‍മോചിതരാകും.  പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അണ്ണാഡിഎംകെ ഉന്നതാധികാര യോഗം വിളിച്ചു. മുഴുവന്‍ അണ്ണാഡിഎംകെ എംഎല്‍എമാരോടും വെള്ളിയാഴ്ച്ച ചെന്നൈയിലെത്താനാണ് ഇപിഎസ്-ഒപിഎസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios