Asianet News MalayalamAsianet News Malayalam

ആംനെസ്റ്റി ഇന്റർനാഷണലിന്റേത് 'പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കോ' അതോ 'നിയമലംഘകരുടെ പലായനമോ'?

ഇനിയും ഇന്ത്യയിലെ നിയമങ്ങൾ ലംഘിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും തയ്യാറായിക്കൊള്ളുക. വിദേശത്ത് വേരുകളുള്ള ഒരു എൻജിഒ ആണ് നിങ്ങളുടേത് എന്നത് ഇന്നാട്ടിലെ നിയമങ്ങളെ കാറ്റിൽ പറത്താനുള്ള ലൈസൻസ് അല്ല എന്നത് ഓർക്കുക.  - രാജീവ് ചന്ദ്രശേഖര്‍ എംപി എഴുതുന്നു

Amnesty International Halt of Operations, victims protest or lawbreakers running away
Author
Delhi, First Published Sep 29, 2020, 7:53 PM IST

ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ന് അതിന്റെ ഇന്ത്യയിലെ മനുഷ്യാവകാശത്തിന്റെ പേരിലുള്ള 'കച്ചവടം' അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്നാട്ടിൽ നിലവിലുള്ള നിയമങ്ങളുടെ തീക്ഷ്ണമായ നിരീക്ഷണത്തിനു മുന്നിൽ ആംനെസ്റ്റിയുടെ 'കച്ചവടതന്ത്ര'ങ്ങൾക്ക് പിടിച്ചു നിൽക്കാനാവാത്ത സാഹചര്യം സംജാതമായതിന്റെ പേരിലാണ് ഇപ്പോൾ ഈ പലായനം സംഭവിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽ അവർ പട്ടാപ്പകൽ നടത്തിക്കൊണ്ടിരുന്ന നഗ്നമായ നിയമലംഘനങ്ങൾ കണ്ടുപിടിക്കപ്പെട്ട്, അതിന്റെ പേരിൽ നിയമം അനുശാസിക്കുന്ന നടപടികൾ ഉണ്ടായപ്പോഴാണ്, അവർ 'കേന്ദ്രസർക്കാരിന്റെ വേട്ടയാടൽ' എന്നൊരു പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. 

കുറ്റം ചെയ്തവർക്കുനേരെ നിയമത്തിന്റെ കരങ്ങള്‍ നീണ്ടുചെല്ലുമ്പോൾ, അവരിൽ നിന്നും പരിചയെന്നോണം 'ഇരവാദം' എന്ന പ്രഹസനം ഉണ്ടാകുന്നത് ഇതാദ്യമായിട്ടൊന്നുമല്ല.  ഈ കേസിൽ അങ്ങനെ ഒരാരോപണം നേരിടുന്നത് കേന്ദ്ര സർക്കാർ ആണ്. ഈ സംഘടനയ്‌ക്കെതിരെ സമർപ്പിച്ച റിപ്പോർട്ടുകളുടെ പേരിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. ഇങ്ങനെ ഒരു അന്വേഷണം തടയാൻ വേണ്ടി നാട്ടിലെ നിയമ വ്യവസ്ഥ അനുവദിച്ചിട്ടുള്ള സകല പ്രതിരോധ മാർഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം എന്ന വസ്തുത എത്ര സൗകര്യപൂർവമാണ് അവർ മറച്ചുവെക്കുന്നത്. 

വിദേശഫണ്ടുകൾ സ്വീകരിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ സന്നദ്ധസംഘടനകൾക്കു മുന്നിൽ കൃത്യമായ മാർഗനിർദേശങ്ങളും നിയമങ്ങളും നിലവിലുണ്ട്. വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കുന്ന ഏതൊരു എൻജിഒയും FCRA അഥവാ ഫോറിൻ കോൺട്രിബ്യൂഷൻസ് റെഗുലേഷൻ ആക്ട് മുന്നോട്ടുവെക്കുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണ്. ഇങ്ങനെ ഒരു നിയമം നമ്മുടെ നാട്ടിൽ നടപ്പിൽ വരുന്നത് 2010 -ലാണ്. വിദേശത്തുനിന്ന് നമ്മുടെ നാട്ടിലെ സന്നദ്ധ സംഘടനകളുടെയോ വ്യക്തികളുടെയോ കമ്പനികളുടെയോ ഒക്കെ അക്കൗണ്ടിലേക്ക് വരുന്ന വിദേശധനസഹായങ്ങൾ ഒരു കാരണവശാലും നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും താത്പര്യങ്ങൾക്കും വിഘാതമാകുന്നില്ല എന്നുറപ്പിക്കാൻ വേണ്ടിയാണ് പാർലമെന്റ് ഇങ്ങനെ ഒരു നിയമം നടപ്പിലാക്കിയിട്ടുള്ളത്. 

ചില വിദേശ സംഘടനകൾക്കെങ്കിലും, ഇന്നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങളെ മാനിക്കേണ്ടതില്ല എന്നൊരു തെറ്റിദ്ധാരണ ഉള്ളിലുദിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അക്കൂട്ടത്തിൽ ഒന്നാണ് ആംനെസ്റ്റി ഇന്റർനാഷണൽ എന്ന ഈ സംഘടന. ആംനെസ്റ്റിയോട് കേന്ദ്രസർക്കാർ ഏജൻസി ചോദിച്ചത് തികച്ചും ന്യായമായ ചില വിശദീകരണങ്ങൾ മാത്രമാണ്. പരമാധികാരമുള്ള ഒരു രാജ്യത്ത് പ്രവർത്തിക്കാൻ താത്പര്യപ്പെടുന്ന ഏതൊരു വിദേശസംഘടനയും സ്വാഭാവികമായും പാലിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന സാമാന്യമായ വിവരങ്ങൾ മാത്രമാണ്  അത്. 

ആംനെസ്റ്റിയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി വന്നുചേർന്നിട്ടുള്ള സാമ്പത്തിക സഹായങ്ങളുടെ സ്രോതസ്സ് പരിശോധിച്ചപ്പോൾ വെളിപ്പെട്ടത്, ഈ സംഘടന ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾക്കു നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് എന്നതാണ്. അതിന് ആകെ കിട്ടിയിട്ടുള്ള ഒരേയൊരു FCRA അപ്പ്രൂവൽ 2000 ഡിസംബറിലേതാണ്. 2010 -ൽ ഈ നിയമം വന്ന ശേഷം അയ്യഞ്ചു വർഷം കൂടുമ്പോൾ ഈ അപ്രൂവൽ പുതുക്കേണ്ടതുണ്ട്. അവർ അത് ചെയ്തിട്ടില്ല. പലതവണ FCRA അപ്പ്രൂവൽ നിഷേധിക്കപ്പെട്ട സാഹചര്യം മാത്രമാണ് നിലനിൽക്കുന്നത് എങ്കിലും, ആംനെസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന, അതൊന്നും മാനിക്കാതെ നിരവധി തവണ വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചു. അതിനായി അവർ പ്രയോജനപ്പെടുത്തിയിട്ടുള്ളത് ആംനെസ്റ്റി ഇന്റർനാഷണൽ ഫൗണ്ടേഷൻ(AIF), ആംനെസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(AIIPL), ഇന്ത്യൻസ് ഫോർ ആംനെസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ്(IAIT), ആംനെസ്റ്റി ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഫൗണ്ടേഷൻ (AISAF)  എന്നിങ്ങനെ പല പേരുകളിലുള്ള സ്ഥാപനങ്ങളാണ്. ഇതൊക്കെയും അവർ ചെയ്തിട്ടുള്ളത് FCRA പാലിക്കാതിരിക്കാനും, അതിന്റെ ജാഗ്രതയിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി മാത്രമാണ്. 

ആംനെസ്റ്റിയെക്കുറിച്ചുള്ള ആക്ഷേപങ്ങൾ വളരെ കൃത്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പലവട്ടം അനുമതി നിഷേധിച്ചിട്ടും, അവർ നിയമവിരുദ്ധമായി പലതവണ നമ്മുടെ നാട്ടിലേക്ക് വിദേശ ഫണ്ടുകൾ ആരുമറിയാതെ കൊണ്ടുവന്നിറക്കിയിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ എന്നത് ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആണെന്നാണ് വയ്‌പ്പെങ്കിലും, അത് ക്രമവിരുദ്ധമായി പല പ്രവൃത്തികളും തികഞ്ഞ ലാഭേച്ഛ ഒന്നുമാത്രം മുന്നിൽ കണ്ടുകൊണ്ട് നടത്തിയിട്ടുണ്ട്. 

യുപിഎ സർക്കാർ ഭരിച്ചിരുന്ന പത്തുവർഷക്കാലം ആംനെസ്റ്റി ഇന്റർനാഷണൽ കെട്ടിപ്പൊക്കിവെച്ച മനക്കോട്ട, അവർ ഇന്നാട്ടിലെ നിയമങ്ങൾക്ക് അതീതരാണ് എന്നതാണ്. അത് തകർന്നു തരിപ്പണമായതിന്റെ ജാള്യതയാണ്, കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ചേതോവികാരം. ഇപ്പോൾ കേന്ദ്ര സർക്കാർ FCRA പോലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ശ്രമിക്കുന്നതിൽ അവർക്കുള്ള ഭീതിയാണ് ഈ മുറവിളിക്ക് പിന്നിലുള്ളത്.

ആംനെസ്റ്റി ഇന്റർനാഷനലിന്റെക്കുറിച്ചുള്ള പരാതികൾ സാമ്പത്തിക ക്രമക്കേടുകളിൽ ഒതുങ്ങി നിൽക്കുന്നവയാണ് എന്നതാണ് സത്യം. ഗാർഡിയൻ പത്രത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ്,  ആംനെസ്റ്റി ഇന്റർനാഷനലിന്റെ ഉന്നതസ്ഥാനത്തിരുന്ന ഗീതാ സഹ്ഗൽ എന്ന വനിത, ഗാർഡിയൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ ആംനെസ്റ്റി ഇന്റർനാഷണലിനെ വിശേഷിപ്പിച്ചത്, 'മൂല്യങ്ങൾ നഷ്‌ടമായ ഒരു സംഘടന'എന്നാണ്. അവരുടെ ഓഫീസുകളിൽ നടക്കുന്ന ബുള്ളിയിങ്ങിനെപ്പറ്റിയും, പരസ്യമായ അവഹേളനങ്ങളെക്കുറിച്ചും, അധികാരത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ചും ഒക്കെയുള്ള പരാമർശങ്ങൾ 2019 ഫെബ്രുവരിയിൽ വന്ന മറ്റൊരു ലേഖനത്തിലും ഉണ്ടായിട്ടുള്ളതാണ്. 

കഴിഞ്ഞ കുറെ വർഷങ്ങളായി ആംനെസ്റ്റി ഇന്റർനാഷനലിന്റെ  ഒളി 'അജണ്ട' വളരെ സ്പഷ്ടമാണ്. മനുഷ്യാവകാശം എന്നതിനെ ഒരു മറയായി എടുത്തുപയോഗിച്ചുകൊണ്ട് സമൂഹത്തിൽ ജനങ്ങളെ പരസ്പരം വിഭജിക്കുന്ന, തമ്മിൽ തെറ്റിക്കുന്ന, അക്രമത്തിനു വരെ പ്രേരണ നൽകുന്ന ഒന്നാണ് അവരുടെ നയപരിപാടികൾ ഒക്കെയും. പൗരത്വ നിയമ ഭേദഗതിക്കെതിരായ വികാരം ജനങ്ങളിൽ പരത്താൻ വേണ്ടി അവർ സാധ്യമായതൊക്കെ ചെയ്തത് നമ്മൾ കണ്ടതാണ്. സിഎഎ   മുസ്ലിം വിരുദ്ധമാണ് എന്ന ദുഷ്പ്രചാരണം സമൂഹത്തിൽ നടത്തിയതിനുപിന്നിലെ പ്രധാന ഉത്തരവാദികളിൽ ഒന്ന് ഈ മനുഷ്യാവകാശത്തിന്റെ മുഖംമൂടിയണിഞ്ഞുകൊണ്ട് ജനദ്രോഹപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഈ സംഘടനയാണ്. 

ആംനെസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന എല്ലാക്കാലത്തും മനുഷ്യാവകാശങ്ങളുടെ മറവിൽ രാജ്യങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന ഒരു സംഘടനയാണ്. എന്നും പാശ്ചാത്യ രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകിയിട്ടുള്ള ഈ സംഘടനയിൽ ഇന്ന് നുഴഞ്ഞു കയറിയിട്ടുള്ളത് ലിബറൽ ലെഫ്റ്റിസ്റ്റ് അരാജകവാദികളുടെ ഒരു കോക്കസാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിട്ടുള്ള ആംനെസ്റ്റി ഇന്റർനാഷനലിന്റെ വർധിച്ചു വന്ന ബന്ധങ്ങളിൽ പ്രതിഷേധിച്ചിട്ടാണ് ജവഹർലാൽ നെഹ്രുവിന്റെ അനന്തരവളുടെ മകളും, നയൻതാര സെഹ്‌ഗാളിന്റെ മകളുമായ ഗീത സെഹ്‌ഗാൾ ഈ സംഘടനയിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചിറങ്ങിപ്പോയത്. ഇടതു തീവ്രവാദികളെയും, ഇസ്ലാമിക തീവ്രവാദികളെയും, നക്സലൈറ്റുകളെയും, അരാജക വാദികളെയും, ഭീകരവാദികളെയും ഒക്കെ പിന്തുണച്ചു പോന്നിട്ടുള്ള പാരമ്പര്യമാണ് ആംനെസ്റ്റി ഇന്റർനാഷണലിന് ഉള്ളത്. 

നമ്മുടെ ഭരണഘടന ഇന്നോളം അനുവദിച്ചു നൽകിയിട്ടുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഒക്കെ സംരക്ഷണത്തിലാണ് ഈ സംഘടന എന്നും തഴച്ചു വളർന്നിട്ടുള്ളത്. അതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ പൊലീസിന്റെയും പട്ടാളത്തിന്റെയും ഒക്കെ മേൽ എന്നുമെന്നും കുതിരകയറിയിട്ടും ഈ  സംഘടന നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടു നിന്നിട്ടുള്ളത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റേതൊരു സംഘടനയിൽ നിന്നും എന്നപോലെ, ആംനെസ്റ്റി ഇന്റർനാഷണലിൽ നിന്നും കേന്ദ്രസർക്കാരിന് ഒരേയൊരു പ്രതീക്ഷ മാത്രമാണുള്ളത്. അത്, ഇന്നാട്ടിൽ മറ്റുള്ളവർക്കൊക്കെ ബാധകമായ, നമ്മുടെ പാർലമെന്റ് പാസ്സാക്കിയ, ജനാധിപത്യത്തിന്റെ പ്രതീകങ്ങളായ നമ്മുടെ നിയമങ്ങൾ യഥാവിധി പാലിച്ചുകൊണ്ടുമാത്രം നിങ്ങളുടെ ഇന്ത്യൻ മണ്ണിലെ പ്രവർത്തനങ്ങൾ തുടരുക. അല്ല, ഇനിയും ഇന്ത്യയിലെ നിയമങ്ങൾ ലംഘിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും തയ്യാറായിക്കൊള്ളുക. വിദേശത്ത് വേരുകളുള്ള ഒരു എൻജിഒ ആണ് നിങ്ങളുടേത് എന്നത് ഇന്നാട്ടിലെ നിയമങ്ങളെ കാറ്റിൽ പറത്താനുള്ള ലൈസൻസ് അല്ല എന്നത് ഓർക്കുക. ഓർത്താൽ നന്ന്..!

(രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭ എംപിയും ബിജെപിയുടെ ദേശീയ വക്താവുമാണ്)

Follow Us:
Download App:
  • android
  • ios