കൊൽക്കത്ത: ഉംപുൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പശ്ചിമ ബംഗാളിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍   പ്രത്യേക ട്രെയിനുകൾ സംസ്ഥാനത്തേക്കയക്കരുതെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോടാവശ്യപ്പെട്ടു. സുന്ദര്‍ബന്‍ ദേശീയോദ്യാന മേഖലയിലെ ദ്വീപുകളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

പശ്ചിമ ബംഗാളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയെങ്കിലും റോഡ്, കുടിവെള്ളം, ടെലിഫോണ്‍,വൈദ്യുതി ബന്ധങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. തകര്‍ന്ന വീടുകളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടോയെന്നറിയാന്‍ തെരച്ചില്‍ തുടരുകയാണ്.  

ഹുഗ്ളി, ബിര്‍ബൂം അടക്കം സംസ്ഥാനത്തെ 14 ജില്ലകളില്‍ വന്‍തോതില്‍ കൃഷി നാശമുണ്ടായിട്ടുണ്ട്. കടപുഴുകിയ മരങ്ങൾ  മുറിച്ചുമാറ്റാത്തതിനാല്‍ റോ‍ഡ് ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിച്ചിട്ടില്ല. സര്‍ക്കാര്‍ സഹായം വൈകുന്നതില്‍ കൊല്‍ക്കത്ത നഗരത്തില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.