നമ്മൾ സാങ്കേതികവിദ്യയുടെ അടിമകളാകുമോ അതോ യജമാനന്മാരാകുമോ എന്നതാണ് ഈ കാലഘട്ടത്തിലെ പ്രധാന ചോദ്യമെന്ന് ആനന്ദ് മഹീന്ദ്ര
ദില്ലി: കുരങ്ങിന്‍റെ ആക്രമണത്തിൽ നിന്ന് അലക്സ ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിച്ച 13 വയസ്സുകാരി നികിതയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ആനന്ദ് മഹീന്ദ്ര. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ മഹീന്ദ്രയിലേക്ക് സ്വാഗതം എന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്.
നമ്മൾ സാങ്കേതികവിദ്യയുടെ അടിമകളാകുമോ അതോ യജമാനന്മാരാകുമോ എന്നതാണ് ഈ കാലഘട്ടത്തിലെ പ്രധാന ചോദ്യമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യരുടെ നൈപുണ്യത്തെ ബലപ്പെടുത്തുന്നു എന്ന ആശ്വാസമാണ് ഈ പെണ്‍കിട്ടിയുടെ കഥ നൽകുന്നത്. പെട്ടെന്ന് അവളുടെ ചിന്ത പോയ വഴി അസാധാരണമാണ്. അവളുടെ നേതൃപാടവത്തിന്‍റെ സൂചനയാണത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിച്ചാൽ മഹീന്ദ്രയ്ക്കൊപ്പം ചേരാൻ ക്ഷണിക്കുന്നുവെന്നാണ് ആനന്ദ് മഹീന്ദ്ര സമൂഹ മാധ്യമത്തിൽ കുറിച്ചത്.
വീട്ടിനുള്ളിലേക്ക് അതിക്രമിച്ച കയറി കുരങ്ങന്മാരിൽ നിന്നും സഹോദരന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയാണ് നികിത വെർച്വൽ വോയിസ് അസിസ്റ്റന്റ് ആയ അലക്സയുടെ സഹായത്തോടെ രക്ഷിച്ചത്. ഉത്തർ പ്രദേശിലെ ബസ്തിയിലാണ് സംഭവം. ആറോളം കുരങ്ങുകളാണ് പാഞ്ഞടുത്തത്. അടുക്കള വഴി വീട്ടിനകത്തേക്ക് കയറിയ കുരങ്ങന്മാർ അലമാരയിലുള്ള സാധനങ്ങളെല്ലാം നശിപ്പിക്കാൻ തുടങ്ങി. ഭയന്നു പോയെങ്കിലും ഫ്രിഡ്ജിന് മുകളിലിരിക്കുന്ന അലക്സയോട് നായ ഉച്ചത്തിൽ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാൻ നികിത ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് നായയുടെ ശബ്ദം കേട്ടതോടെ കുരങ്ങുകൾ പേടിച്ചോടുകയും ചെയ്തു.
