ഗുലാം നബി ആസാദ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശർമയും രാജി പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായി

ദില്ലി: കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിർന്ന നേതാവിന്റെ രാജി. ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശർമ കത്ത് നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു. ഗുലാം നബി ആസാദ് ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആനന്ദ് ശർമയും രാജി പ്രഖ്യാപിച്ചത് കോൺഗ്രസിന് തിരിച്ചടിയായി. 

രാജ്യസഭയിൽ കോൺഗ്രസിന്റെ ഉപ നേതാവായിരുന്ന ആനന്ദ് ശർമയെ, ഏപ്രിൽ 26ന് ആണ് ഹിമാചൽ പ്രദേശ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ ആയി നിയമിച്ചത്. കോൺഗ്രസിൽ തിരുത്തൽ ആവശ്യപ്പെട്ട് രൂപീകരിച്ച ജി 23 നേതാക്കളിൽ പ്രധാനിയായ അദ്ദേഹം, മറ്റൊരു ജി23 നേതാവായ ഗുലാം നബിക്ക് പിന്നാലെ, നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമാക്കി തന്നെ രാജി വച്ചുവെന്നത് ശ്രദ്ധേയമാണ്.

കൂട്ടരാജി ഭീഷണി, പദവികളുപേക്ഷിച്ച് ഗുലാംനബി, പുനസംഘടനയില്‍ പൊട്ടിത്തെറിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്

ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പുനഃസംഘടിപ്പിച്ചുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് രാജി പ്രഖ്യാപിച്ചത്. . ഗുലാം അഹമ്മദ് മിര്‍നെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നേതൃത്വം നിയമിച്ചിരുന്നു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.

'പാർട്ടി തരംതാഴ്ത്തിയതാണെന്ന് സംശയം'; നിയമനത്തിന് പിന്നാലെ സ്ഥാനം രാജിവെച്ച് ​ഗുലാം നബി ആസാദ്

ഇതിനു പിന്നാലെ, ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കി. പുനഃസംഘടനയില്‍ അതൃപ്തിയറിയിച്ചും ആസാദിന് പിന്തുണ പ്രഖ്യാപിച്ചും മുന്‍ എംഎല്‍എ ഗുല്‍സാര്‍ അഹമ്മദ് ഗനി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗത്വം വേണ്ടന്നു വച്ചു. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കുപ്പായമിടാന്‍ തയ്യാറെടുക്കുന്ന ആസാദിന് ഹൈക്കമാന്‍ഡ് തീരുമാനം തിരിച്ചടിയായി. രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം ഉണ്ടെങ്കിലും നേതൃത്വവുമായി അടുത്ത് തുടങ്ങിയത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ രാഷ്ട്രീയകാര്യ സമിതിയില്‍ ഗുലാംനബി ആസാദ് അംഗമാണ്. പുനഃസംഘടനയില്‍ സമാന പദവി നല്‍കി കശ്മീരിലേക്ക് ഒതുക്കാന്‍ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്. 

'രാഹുൽ തയ്യാറല്ല, പ്രിയങ്ക വരുന്നുമില്ല'; കോൺഗ്രസിൽ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയില്ല