20 വയസായിരുന്ന അനന്യ ഭട്ടിനെ 2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് അമ്മ സുജാത പരാതിയിൽ പറഞ്ഞിരുന്നു.

മം​ഗളൂരു: 2003ൽ ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് നിന്ന് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയായ അനന്യ ഭട്ടിന്റെ കേസ് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറി. പെൺകുട്ടിയുടെ അമ്മ 2025 ജൂലൈ 15 ന് ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകിയതിനെ തുടർന്നാണ് എസ്ഐടിക്ക് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, വിശദമായ അന്വേഷണത്തിനായി കേസ് എസ്‌ഐടിക്ക് കൈമാറിക്കൊണ്ട് ഡയറക്ടർ ജനറലും ഇൻസ്‌പെക്ടർ ജനറലും (ഡിജി & ഐജിപി) 2025 ഓഗസ്റ്റ് 19 ന് ഉത്തരവുകൾ പുറപ്പെടുവിച്ചു. 

20 വയസായിരുന്ന അനന്യ ഭട്ടിനെ 2003 ൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥല ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് കാണാതായതെന്ന് അമ്മ സുജാത പരാതിയിൽ പറഞ്ഞിരുന്നു. അന്ന് താൻ കൊൽക്കത്തയിൽ ജോലി ചെയ്യുകയായിരുന്നു. മകളുടെ തിരോധാനം പരാതിപ്പെടാൻ ചെന്നപ്പോഴത്തെ അനുഭവം ഭീകരമായിരുന്നെന്നും ഇവർ പറഞ്ഞു. മകളുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയാൽ, ശരിയായ ഡിഎൻഎ പരിശോധനക്ക് ശേഷം എനിക്ക് കൈമാറണമെന്നും ഹിന്ദു ആചാരങ്ങൾക്കനുസൃതമായി മാന്യമായ അന്ത്യകർമങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും സുജാത ഭട്ട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ബി.എല്‍.സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനയിലാണ് നടപടി. ഉഡുപ്പി ബ്രഹ്മാവർ പൊലീസാണ് തിമ്മരോടിയെ ഉജ്ജിരെയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതത്. ബി.എൽ. സന്തോഷിനെ സമാൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി എന്നും സാമുദായിക സ്പ‍‍‍ർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നും കാട്ടി ബിജെപിയുടെ പ്രാദേശിക നേതാവ് നൽകിയ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തിമ്മരോടിക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ധ‍ർമസ്ഥല ക്ഷേത്രത്തെയും രക്ഷാധികാരി വീരേന്ദ്ര ഹെഗ്ഡെയും അപകീർത്തിപ്പെടുത്തി എന്നാരോപിച്ചുള്ള പരാതിയിൽ യൂട്യൂർ സമീറിനെ അറസ്റ്റ് ചെയ്യാനും നീക്കം തുടങ്ങിയെങ്കിലും സെമീർ വീട്ടിൽ ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾക്ക് നോട്ടീസ് നൽകി പൊലീസ് മടങ്ങി.