ആന്ധ്രപ്രദേശിലെ കടപ്പയിൽ മൂന്നംഗ കുടുംബം ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കുടുംബവഴക്കിനെ തുടർന്നാണ് ദമ്പതികളും ഒന്നര വയസ്സുള്ള കുഞ്ഞും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ ശ്രീരാമുലുവിൻ്റെ മുത്തശി ഹൃദയാഘാതം മൂലം മരിച്ചു.
കടപ്പ: ആന്ധ്രപ്രദേശിലെ കടപ്പ റെയിൽവെ സ്റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്നുള്ള കൂട്ട ആത്മഹത്യയെന്നാണ് ലഭിക്കുന്ന വിവരം. ഇവർ വഴക്കിട്ട് വീട് വിട്ടുപോയതിന് പിന്നാലെ ശ്രീരാമുലുവിൻ്റെ മുത്തശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഞായറാഴ്ച വൈകുന്നേരം ദമ്പതികൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ഇവർ തമ്മിലുള്ള തർക്കം നീണ്ടുപോയതോടെ ഇതിൽ മുത്തശ്ശിയും ഇടപെട്ടു. ഇരുവരോടും സംസാരം നിർത്താൻ മുത്തശി ആവശ്യപ്പെട്ടു. എന്നാൽ കുപിതരായ ദമ്പതികൾ ഏക മകനെയും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ മുത്തശ്ശി കുഴഞ്ഞുവീണ് മരിച്ചു. നേരെ കടപ്പ റെയിൽവെ സ്റ്റേഷന് സമീപം പോയ ദമ്പതികൾ കുഞ്ഞുമായി റെയിൽവെ പാളത്തിൽ കയറി നിന്നുവെന്നും ഇതുവഴി വന്ന ചരക്ക് ട്രെയിൻ ഇടിച്ച് മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


