Asianet News MalayalamAsianet News Malayalam

ആന്ധ്രയിലെ ട്രെയിൻ ദുരന്തം: മരണം എട്ടായി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു.

Andhra Train accident, toll rises to eight, PM announce financial aid prm
Author
First Published Oct 30, 2023, 1:19 AM IST

അമരാവതി: ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ എട്ടായി ഉയർന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നി​ഗമനം. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടർന്ന് ഒറ്റപ്പെട്ട യാത്രക്കാർക്ക് വേണ്ടി പ്രത്യേക ട്രെയിൻ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടു.

അലമാൻഡ-കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വെ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

അപകടം നടന്നശേഷം മൂന്നുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് പിന്നീട് ആറായും എട്ടായും ഉയരുകയായിരുന്നു. റായഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.  അപകടവുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി. 

Follow Us:
Download App:
  • android
  • ios