പുതിയ ഇലക്ട്രിക് സ്കൂട്ടറിന് എന്നും കംപ്ലെയിന്റ്, ജീവനക്കാർ അവഗണിച്ചു, ഒലയുടെ ഷോറൂമിന് തീവെച്ച് യുവാവ്
അക്രമ സംഭവത്തിൻ്റെ കുറ്റവാളിയെ കണ്ടെത്തിയെന്നും വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ബെംഗളൂരു: കർണാടകയിലെ കലബുറഗിയിൽ ഒലയുടെ ഇലക്ട്രിക് ഷോറൂം യുവാവ് അഗ്നിക്കിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി കമ്പനി. 26 കാരനായ മുഹമ്മദ് നദീം എന്ന ഉപഭോക്താവാണ് ഷോറൂം കത്തിച്ചത്. പുതിയതായി വാങ്ങിയ സ്കൂട്ടറിന്റെ സ്കൂട്ടറിന്റെ സർവീസുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ പരാതി ഷോറൂം ജീവനക്കാർ അവഗണിച്ചതിനെ തുടർന്നാണ് ഷോറൂം കത്തിച്ചതെന്ന് ഇയാൾ പറഞ്ഞു. കഴിഞ്ഞ മാസാണ് ഇയാൾ സ്കൂട്ടർ വാങ്ങിയത്. ഒലയുടെ ഷോറൂമിൽ കന്നാസിൽ പെട്രോൾ നിറച്ചെത്തി സ്കൂട്ടറുകൾക്ക് തീയിടുകയായിരുന്നു. ഈ സമയം, ഷോറൂമിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി.
തീപിടിത്തത്തിൽ ഏകദേശം 8 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കമ്പനി അറിയിച്ചു. ആറോളം സ്കൂട്ടറുകൾ കത്തിനശിച്ചു. 20 ദിവസം മുമ്പാണ് ഇയാൾ ഷോറൂമിൽ നിന്ന് ഒല സ്‌കൂട്ടർ വാങ്ങിയത്. ഉപയോഗിക്കാൻ തുടങ്ങിയതോടെ നിരന്തരം പ്രശ്നങ്ങളുണ്ടായി. പലതവണ റിപ്പയർ ചെയ്തെങ്കിലും പ്രശ്‌നങ്ങൾ പരിഹരിച്ചില്ല. തുടർന്ന് ഇയാൾ പരാതിപ്പെട്ടെങ്കിലും ജീവനക്കാർ അവഗണിച്ചതിനെ തുടർന്നാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
അക്രമ സംഭവത്തിൻ്റെ കുറ്റവാളിയെ കണ്ടെത്തിയെന്നും വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഉചിതമായതും കർശനമായ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.