Asianet News MalayalamAsianet News Malayalam

'റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാൻ', മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ അങ്കിതയുടെ കുടുംബം

പ്രധാന തെളിവുകൾ ലഭിക്കേണ്ട റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് അങ്കിതയുടെ കുടുബം

Ankita murder case Family refuses cremation
Author
First Published Sep 25, 2022, 11:57 AM IST

ഡെറാഡൂൺ : ബിജെപി നേതിവിന്റെ മകനും സംഘവും ചേര്‍ന്ന കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം. അന്വേഷണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ സംസ്കരിക്കില്ലെന്നുമാണ് കുടുംബം പറയുന്നത്. സംസ്കാരം നടത്താനായി അങ്കിതയുടെ കുടുംബത്തെ അധികൃതര്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

''പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ അവളുടെ മൃതദേഹം സംസ്കരിക്കില്ല. മകളെ മര്‍ദ്ദിച്ചുവെന്നും നദിയിലേക്ക് എറിഞ്ഞുവെന്നും വ്യക്തമാക്കുന്ന പ്രൊവിഷണൽ റിപ്പോര്‍ട്ട് ഞങ്ങൾ കണ്ടു. ഞങ്ങൾ അന്തിമ റിപ്പോര്‍ട്ടിനായാണ് കാത്തിരിക്കുന്നത്'' - അങ്കിതയുടെ സഹോദരൻ അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു. 

മാത്രമല്ല, പുൽകിത് ആര്യയുടെ റിസോര്‍ട്ട് മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം പൊളിച്ച് നീക്കിയതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകൾ ലഭിക്കേണ്ട റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനാണ് കേസിലെ പ്രധാന പ്രതി എന്നതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന ആരോപണവും കുടുംബം ഉന്നയിക്കുന്നു. കൂടാതെ കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ കേൾക്കണമെന്നും പ്രതിയെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

കേസിൽ പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുൻ മന്ത്രി വിനോദ് ആര്യയുടെ മകനാണ് പുൽകിത്. അച്ഛനെയും മകനെയും ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. 19 കാരിയായ അങ്കിതയുടെ  മൃതദേഹം ഇന്നലെയാണ് ചില്ലയിലെ പവര്‍ ഹൗസിന് സമീപം കണ്ടെത്തിയത്. വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുൽകിതും കൂട്ടാളികളും പൊലീസിന് നൽകിയ മൊഴി. 

അതേസമയം പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും എന്നും അന്വേഷണ ഉദ്യോഗസ്ഥയായ ഡിഐജി പി ആര്‍ ദേവി പറഞ്ഞു. റിസോർട്ടിനെ സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആണ് ലഭിച്ചത്, ഇന്ന് അന്തിമ റിപ്പോർട്ട് ലഭിക്കുമെന്നും ഡിഐജി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios