യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ചില നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കുന്നതെന്ന് രണ്ട് വിമാനക്കമ്പനികളും അറിയിച്ചു. 

ന്യൂഡൽഹി: ഇന്ത്യ - പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമയാന മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഏതാണ്ട് അവസാനിച്ചെങ്കിലും വിമാന സർവീസുകൾ പൂർണമായി പഴയനിലയിലേക്ക് വന്നിട്ടില്ല. ഇന്നും ചില നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി ഇന്റിഗോയും എയർ ഇന്ത്യയും. രണ്ട് വിമാനക്കമ്പനികളും സർവീസ് റദ്ദാക്കുന്നത് സംബന്ധിച്ച പുതിയ അറിയിപ്പുകൾ രാവിലെ പുറത്തിറക്കി.

Scroll to load tweet…

ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ളതും ഈ വിമാനത്താവളങ്ങളിലേക്ക് എത്തിച്ചേരുന്നതുമായ സർവീസുകളാണ് എയർ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ളത് ഈ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതുമായ സർവീസുകൾ ഇന്റിഗോയും റദ്ദാക്കിയിട്ടുണ്ട്. 
 

Scroll to load tweet…

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ വിമാനത്തിന്റെ നില പരിശോധിക്കണമെന്ന് ഇന്റിഗോ യാത്രക്കാരോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. മേയ് 15 വരെ അടച്ചിടുമെന്ന് അറിയിച്ചിരുന്ന 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കുകയാണെന്ന് തിങ്കളാഴ്ച എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിപ്പ് നൽകിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം