ദില്ലി: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനിടെ ഉത്തര്‍പ്രദേശിൽ  കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. മീററ്റിൽ നാലു പേർ കൊല്ലപ്പെട്ടതോടെയാണിത്. അതേസമയം വിവിധയിടങ്ങളിൽ നടന്ന സംഘ‍ര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ 58 പേര്‍ അറസ്റ്റിലായി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദടക്കം 16 പേരെ അറസ്റ്റ് ചെയ്തത് ദരിയാഗഞ്ച് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ്. അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനും സംഘര്‍ഷം നടത്തിയതിനും വിവിധ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിലായ പത്ത് പേർ ജാമിയയിലെ സംഘർഷവുമായി ബന്ധപ്പെട്ടും 30 പേർ സീലംപൂർ സംഘ‍ര്‍ഷവുമായി ബന്ധപ്പെട്ടുമാണ് പിടിയിലായത്. എട്ട് കേസുകളാണ് ദില്ലിയിലെ സംഘര്‍ഷവുമായി രജിസ്റ്റര്‍ ചെയ്തത്. 

ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരിൽ എട്ട് വയസുകാരനുമുണ്ട്. യുപിയിലെ 21 സ്ഥലങ്ങളിൽ മൊബൈൽ ഇൻറർനെറ്റ് വിച്ഛേദിച്ചു. മീററ്റിലും ബിജ്നോറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബീഹാറിൽ ബന്ദിനിടെ ചില സ്ഥലങ്ങളിൽ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്.