ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും രാജ്യത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. 2018നെ അപേക്ഷിച്ച് 2019ല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇന്ത്യയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ടൂറിസത്തെ ബാധിച്ചെന്ന ധാരണ തെറ്റാണെന്നും മന്ത്രി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

Read More: പൗരത്വ നിയമ ഭേദഗതി: ജാമിയയില്‍ നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച്

2018ല്‍ 10,12,569 പേര്‍ എത്തിയ സ്ഥാനത്ത് 10,91,946 വിനോദ സഞ്ചാരികളാണ് 2019 ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. 7.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇ വിസ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ 43 ശതമാനം വര്‍ധനയുണ്ടായി. പോയവര്‍ഷം 2,61,956 വിദേശ വിനോദ സഞ്ചാരികള്‍ ഇ വിസ സൗകര്യം ഉപയോഗപ്പെടുത്തിയെങ്കില്‍ ഈ വര്‍ഷം അങ്ങനെ ചെയ്തത് 3,75,484 പേരാണ്. വിനോദ സഞ്ചാരികളില്‍ നിന്നുള്ള വരുമാനത്തിലും 19.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായി-പ്രഹ്ളാദ് സിങ് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ജമ്മു കശ്മീരിന്‍റെ വിനോദസഞ്ചരമേഖലയെ ബാധിച്ചിട്ടില്ലെന്ന് മുമ്പ് പ്രഹ്ളാദ് സിങ് പട്ടേല്‍ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ പുറത്തുവന്നിരുന്നു. പ്രത്യേക പദവി റദ്ദാക്കിയത് ജമ്മു കശ്മീരിന്‍റെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരാവകാശരേഖ. ആര്‍ടിഐ  പ്രകാരമുള്ള ചോദ്യത്തിന് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പ് നല്‍കിയ മറുപടിയിലായിരുന്നു വെളിപ്പെടുത്തല്‍.