ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് എംഎല്‍എയെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പുറത്താക്കി. അസമിലെ എംഎല്‍എ രാജ്ദീപ് ഗോവാലയെയാണ് കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കിയത്. എംഎല്‍എ പുറത്താക്കാനുള്ള തീരുമാനത്തെ പ്രസിഡന്റ് അംഗീകരിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രസ്താവനയില്‍ അറിയിച്ചു. ലഖിപുര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് രാജ്ദീപ്. കുറച്ച് കാലമായി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് രാജ്ദീപ് ഗോവാല. രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് രാജ്ദീപ് അടക്കം ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അസം ബിജെപി നേതാവും മന്ത്രിയുമായ ഹേമന്ത് ബിശ്വ ശര്‍മ പറഞ്ഞിരുന്നു.