Asianet News MalayalamAsianet News Malayalam

സർക്കാർ കായികതാരങ്ങൾക്കൊപ്പമെന്ന് അനുരാ​ഗ് താക്കൂർ; സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിന് വിമർശനം

ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

Anurag Thakur says that the government is with the athletes sts
Author
First Published May 31, 2023, 5:27 PM IST

ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ. അതേ സമയം സർക്കാർ കായിക താരങ്ങൾക്കൊപ്പം തന്നെയാണെന്നും അനുരാ​ഗ് താക്കൂർ വ്യക്തമാക്കി. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേ സമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ  ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ  പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.  കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

അതിനിടെ ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ത്യാ ഗേറ്റിന്  സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

'ബ്രിജ് ഭൂഷണെതിരെ തെളിവില്ല, അറസ്റ്റ് ചെയ്യാനാവില്ല'; പ്രതിയെ ന്യായീകരിച്ച് ദില്ലി പൊലീസ്

അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ : ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ തോമസ്


 

Follow Us:
Download App:
  • android
  • ios