ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു
ദില്ലി: പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ ആപ്പിൾ സഹകരിക്കില്ലെന്ന് റിപ്പോർട്ട്. ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്‍റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ ആപ്പിൾ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.
നിർബന്ധമില്ലെന്ന് കേന്ദ്രമന്ത്രി
അതിനിടെ സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബർ സുരക്ഷ മുൻ നിർത്തിയാണ് സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ നൽകിയതെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു. ആപ്പിന്റെ കാര്യത്തിൽ ഇപ്പോൾ ഒരു നിർബന്ധവുമില്ലെന്നും മന്ത്രി വിശദീകരിച്ചു.
വിവാദം ഇപ്രകാരം
ഇന്ത്യയിൽ വിൽക്കുന്നതിനായി നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈൽ ഹാൻഡ്‌സെറ്റുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡി ഒ ടി) നിർദ്ദേശിച്ചതാണ് വിവാദത്തിന് കാരണമായത്. 2023 മെയ് മാസത്തിൽ സ്ഥാപിതമായ ഈ പോർട്ടൽ, നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. തിങ്കളാഴ്ച എല്ലാ ഉപകരണ നിർമ്മാതാക്കൾക്കും (ഒ ഇ എം) ഇറക്കുമതിക്കാർക്കും കേന്ദ്രം ഈ നിർദേശം നൽകി. ആദ്യ ഉപയോഗ സമയത്തോ ഉപകരണം സജ്ജീകരിക്കുന്ന സമയത്തോ ആപ്പ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ദൃശ്യമാകുന്നുണ്ടെന്നും ആക്‌സസ് ചെയ്യാവുന്നതാണെന്നും ഉറപ്പാക്കണമെന്നും അതിന്റെ പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. പൊതുജനങ്ങളെ വ്യാജ ഹാൻഡ്‌സെറ്റുകൾ വാങ്ങുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയാനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഡി ഒ ടി അറിയിച്ചു. എന്നാൽ സഞ്ചാർ സാഥി ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നുമാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അറിയിച്ചത്.


