കുറച്ചു ദിവസങ്ങളായി നൈറ്റി ധരിക്കുന്നതിൻ്റെ പേരിൽ മഞ്ജുളയും കൃഷ്ണയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം

ബെലഗാവി: ഭർത്താവിന്റെ എതിർപ്പ് വകവയ്ക്കാതെ നൈറ്റി ധരിച്ചു. യുവതിക്ക് തീയിട്ട് ഭർത്താവ്. കർണാടകയിലെ ബെലഗാവിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബെലഗാവി ജില്ലയിലെ ഖാനാപുരിലാണ് വീട്ടിൽ സാരിക്ക് പകരം നൈറ്റി ധരിച്ചതിന് ഭർത്താവ് ഭാര്യയ്ക്ക് തീ കൊളുത്തിയത്. വസ്ത്രത്തിൽ തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നന്ദഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

Add Asianetnews as a Preferred SourcegooglePreferred

ഖാനാപുരിലെ ഹത്തരവാദ ഗ്രാമവാസിയായ കൃഷ്ണ പാട്ടീലാണ് ഭാര്യയെ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുള പാട്ടീലിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. നിലവിൽ ബെലഗാവി ബ്രിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മഞ്ജുള. കൂലിപ്പണിക്കാരനാണ് കൃഷ്ണ പാട്ടീൽ . ഇയാൾ കുടുംബത്തോടൊപ്പം ഹത്തരവാദ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. കുറച്ചു ദിവസങ്ങളായി നൈറ്റി ധരിക്കുന്നതിൻ്റെ പേരിൽ മഞ്ജുളയും കൃഷ്ണയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് വിവരം. ഭർത്താവിൻ്റെ കടുത്ത എതിർപ്പ് വകവെക്കാതെ മഞ്ജുള നൈറ്റി ധരിച്ചു. ഇതിൽ പ്രകോപിതനായ കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകയായിരുന്നു.

തീ പടർന്നതോടെ മഞ്ജുള സഹായത്തിനായി ഉറക്കെ നിലവിളിച്ചു. യുവതിയുടെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. എട്ട് വർഷം മുൻപായിരുന്നു കൃഷ്ണയുടെയും മഞ്ജുളയുടെയും വിവാഹം. സംഭവത്തിന് ശേഷം നാട്ടുകാർ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.