Asianet News MalayalamAsianet News Malayalam

സംഘർഷത്തിന് അവസാനം? ഗൽവാൻ താഴ്‍വരയിൽ നിന്നും ഇന്ത്യയും ചൈനയും പിന്മാറി


സംഘ‍ർഷത്തിൽ ഇരുപത് സൈനിക‍‍ർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് നിന്നും ഇരുരാജ്യങ്ങളുടേയും സൈനിക‍‍ർ പിൻവാങ്ങിയതായി കരസേന ഔദ്യോ​ഗികമായി അറിയിച്ചത്. 

Armies of india and china left from galvan border
Author
Ladakh, First Published Jun 16, 2020, 10:39 PM IST

ദില്ലി: ഇരുപതിലേറെ ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായ ലഡാക്ക് സംഘർഷത്തിന് പിന്നാലെ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഇന്ത്യയുടേയും ചൈനയുടേയും സൈനിക‍ർ സംഭവസ്ഥലത്ത് നിന്നും പിന്മാറിയതായി കരസേന അറിയിച്ചു. 

സംഘ‍ർഷത്തിൽ ഇരുപത് സൈനിക‍‍ർ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംഭവ സ്ഥലത്ത് നിന്നും ഇരുരാജ്യങ്ങളുടേയും സൈനിക‍‍ർ പിൻവാങ്ങിയതായി കരസേന ഔദ്യോ​ഗികമായി അറിയിച്ചത്. ഇതോടെ ലഡാക്ക് അതി‍ർത്തിയിൽ ഒരു ദിവസത്തോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘ‍ർഷത്തിന് താത്കാലിക അവസാനമായി. 

ജൂൺ 15- ന് രാത്രിയിലും 16-ന് പുല‍ർച്ചയുമായി നടന്ന സംഘ‍ർഷത്തിൽ ഒരു കേണലടക്കം മൂന്ന് പേ‍ർ മരിച്ചുവെന്നാണ് ഇന്ന് രാവിലെ കരസേന അറിയിച്ചത്. പിന്നീട് രാത്രിയോടെയാണ് 17 പേ‍ർ കൂടി മരിച്ചതായുള്ള വിവരം പുറത്തു വരുന്നത്. മരണസംഖ്യ ഇനിയും ഉയ‍ർന്നേക്കാം എന്നും സൈന്യം സൂചന നൽകിയിട്ടുണ്ട്. 

രാത്രിസമയത്ത് പൂജ്യം ഡി​ഗ്രീയിലും താഴെ താപനിലയുള്ള കിഴക്കൻ ലഡാക്കിലെ ​ഗൽവാൻ താഴ്വരയിൽ വച്ചുണ്ടായ സംഘ‍ർഷത്തിൽ ഇന്ത്യൻ സൈനിക‍ർക്ക് ​ഗുരുതരമായി പരിക്കേറ്റെന്നും മോശം കാലാവസ്ഥ മരണനിരക്ക് ഉയരാൻ കാരണമായെന്നും കരസേന വൃത്തങ്ങൾ അറിയിച്ചു. അതേസമയം സംഘ‍ർഷത്തിൽ ഇരുവിഭാ​ഗവും തോക്കുകളോ മറ്റ് വെടിക്കോപ്പുകളോ ഉപയോ​ഗിച്ചിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 

സൈനിക‍ർ തമ്മിൽ കയ്യാങ്കളിയുണ്ടായി എന്നാണ് വിവരം. സംഘ‍ർഷത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇനിയും വ്യക്തമല്ല.  ചൈനയുടെ 43 സൈനികർ മരണപ്പെടുകയോ ​ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം. ആൾനാശം സംബന്ധിച്ച് ചൈനീസ് സൈന്യമോ സ‍ർക്കാരോ ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണം തന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios