ദില്ലി: ഹന്ദ്വാര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടുക എന്ന അജണ്ട മാത്രമാണ് പാകിസ്ഥാന് ഇപ്പോഴും ഉള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്പര്യം എന്നും കരസേനാ മേധാവി പറഞ്ഞു. 

വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിച്ചു.

Read Also: ഹന്ദ്വാര ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം; മരിച്ച സൈനികർക്ക് ആദരവുമായി മോദി...

ഹന്ദ്വാരയിലെ ഗ്രാമത്തിൽ തീവ്രവാദികൾ ഉണ്ടെന്ന സൂചന സൈന്യത്തിന് ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ നീക്കത്തിലാണ് രണ്ട് ഭീകരരെ വധിച്ചത്. വീരമൃത്യു വരിച്ച  21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫിസറായ കേണൽ അശുതോഷ് ശർമ നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായിട്ടുള്ള ഉദ്യോഗസ്ഥനാണ്.

Read Also: 'ഈ പരമത്യാഗത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നു'; വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് അമിത് ഷാ