പാക് അധിനിവേശ കശ്മീർ (പിഒകെ) തിരികെ ലഭിക്കുകയാണ് ​ഗുരുദക്ഷിണയായി തനിക്ക് വേണ്ടതെന്ന് ജ​ഗ​ദ്ഗുരു ജനറലിനോട് ആവശ്യപ്പെട്ടു.

ഭോപ്പാൽ: മധ്യപ്രദേശിലെ ചിത്രകൂടിൽ ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യരിൽ നിന്ന് അനുഗ്രഹം തേടി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ബുധനാഴ്ചയാണ് അദ്ദേഹം ആശ്രമത്തിലെത്തിയത്. ഇരുവരും ആത്മീയ ചർച്ച നടത്തിയെന്നും സൈനിക മേധാവി ആശ്രമത്തിലെ സന്യാസിമാരുമായും വിദ്യാർത്ഥികളുമായും സംവദിച്ചെന്നും അറിയിച്ചു. പാക് അധിനിവേശ കശ്മീർ (പിഒകെ) തിരികെ ലഭിക്കുകയാണ് ​ഗുരുദക്ഷിണയായി തനിക്ക് വേണ്ടതെന്ന് ജ​ഗ​ദ്ഗുരു ജനറലിനോട് ആവശ്യപ്പെട്ടു.

സീതയെ രക്ഷിക്കാൻ രാവണന്റെ വാസസ്ഥലമായ പുരാണ ലങ്കയിലേക്ക് ഹനുമാൻ പോകുന്നതിന് മുമ്പ് നൽകിയ അതേ രാമമന്ത്ര ദീക്ഷയാണ് തനിക്ക് ലഭിച്ചതെന്ന് ആത്മീയ നേതാവ് പറഞ്ഞു. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് കരസേന മേധാവി ആത്മീയ നേതാവിനെ സന്ദർശിച്ചത്.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പാകിസ്ഥാൻ നടത്തിയ അതിർത്തി കടന്നുള്ള വെടിവയ്പ്പിന് ഇന്ത്യൻ സായുധ സേന മറുപടി നൽകി. ഒടുവിൽ, മെയ് 10-ന് വെടിനിർത്തൽ ധാരണയിലെത്തി. ജഗദ്ഗുരു രാമഭദ്രാചാര്യ പ്രശസ്തനായ ഹിന്ദു ആത്മീയ നേതാവും സംസ്കൃത പണ്ഡിതനും തത്ത്വചിന്തകനുമാണ്. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.