ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കരസേനയുടെ നായ സൂമിന് വീരോചിത യാത്രയയപ്പ്
ദില്ലി: ജമ്മു കാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കരസേനയുടെ നായ സൂമിന് വീരോചിത യാത്രയയപ്പ് നൽകി സൈന്യം. കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ശ്രീനഗറിലെ സൈനിക മൃഗാശുപത്രിയിലായിരുന്നു സൂമിന്റെ അന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സൂം വിടവാങ്ങിയത്. രാവിലെ 11:45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
'സൂം.. നിന്റെ പേര് എന്നും രാജ്യം ഓർക്കും. രാജ്യത്തിനായി ജീവൻ ബലികഴിച്ച ധീര സൈനികർക്കൊപ്പം സൂമിന്റെ പേരും എഴുതിചേർത്തിരിക്കുന്നു', ഔദ്യോഗിക ബഹുമതിളോടെയാണ് ശ്രീനഗറില്‍ സഹപ്രവർത്തകർ സൂമിന് യാത്രയപ്പ് നൽകിയത്. ചടങ്ങിനിടെ സഹപ്രവർത്തകരായ നായകളും സൂമിന് അന്തിമോപചാരം അര്‍പ്പിക്കാൻ എത്തിയിരുന്നു.
അവസാന ദൗത്യത്തിലും പോരാട്ടവീര്യം വിടാതെ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യത്തിന് കാട്ടികൊടുത്താണ് സൂം വിടവാങ്ങിയത്. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൂമിന്റെ ദേഹത്തു രണ്ട് വെടിയുണ്ടകൾ തുളഞ്ഞുകയറിയത്. എന്നിട്ടും പിന്തിരിഞ്ഞില്ല. ഒളിച്ചിരുന്ന രണ്ട് ഭീകരവാദികളെയും കൊലപ്പെടുത്താന്‍ സുരക്ഷാസേനയെ നയിച്ചു.
ഭീകരരെ തുരത്താൻ മുന്നിൽ നിന്നത് സൂമായിരുന്നുവെന്നും ഏറ്റുമുട്ടലിൽ വെടിയേൽക്കുകയുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞിരുന്നു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി സുരക്ഷാ സേന സൂമിനെയും കൂട്ടി തിരച്ചിൽ നടത്തിയത്.
Read more: 'വെടിയേറ്റിട്ടും പോരാടി'; ലഷ്കറെ ത്വയിബ ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ മിലിട്ടറി ഡോഗ് വിടപറഞ്ഞു
തിങ്കളാഴ്‌ച രാവിലെ സൈന്യം സൂമിനെ നായയെ തീവ്രവാദികൾ താമസിക്കുന്ന വീട്ടിലേക്ക് അയച്ചു. സൂം ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് രണ്ട് തവണ വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം യുദ്ധം ചെയ്യുകയും തന്റെ ചുമതല നിർവഹിക്കുകയും ചെയ്തു. ഭീകരരെ കീഴ്‌പ്പെടുത്താനടക്കം പ്രത്യേകം പരിശീലനം ലഭിച്ച ചിനാർ കോർപ്സിന്‍റെ നായയായിരുന്നു സൂം. വിവിധ യുദ്ധസംഘത്തിന്‍റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. തന്നെ ഏല്‍പിച്ച ദൗത്യം പൂർത്തിയാക്കിയാണ് സൂം വീരചരമം പ്രാപിച്ചതെന്ന് സൈന്യം അറിയിച്ചു. സൂമിനൊപ്പം പരിക്കേറ്റ രണ്ട് ജവാന്മാര്‍ ഇപ്പോഴും ചികിത്സയിലാണ്.
