ദില്ലി: ഇന്ത്യന്‍ കരസേനയില്‍ 45,000 അംഗങ്ങളുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 7,000ത്തോളം ലെഫ്റ്റനാന്‍റിന് മുകളിലുള്ള സൈനിക ഓഫീസര്‍മാരുടെ  കുറവും വരും. കേന്ദ്ര പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച പാര്‍ലമെന്‍റിനെ അറിയിച്ചതാണ് ഇത്. ആളുകളുടെ കുറവ് പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ചില വര്‍ഷങ്ങളായി രാജ്യത്തിന് നിരവധി റിക്രൂട്ട്മെന്‍റ് ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം പറയുന്നു.

2019 ജനുവരി 1ലെ കണക്ക് പ്രകാരം ഇന്ത്യന്‍ കരസേനയില്‍ 45,634 ഒഴിവുകള്‍ ഉണ്ട്. ഇതില്‍ 7333 ഒഴിവുകള്‍ ലെഫ്റ്റനന്‍റ് റാങ്കിന് മുകളിലുള്ള കരസേന ഉദ്യോഗസ്ഥരുടെതാണ്. രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷത്തില്‍ രാജ്യത്തെമ്പാടും 200 റിക്രൂട്ട്മെന്‍റ് ക്യാമ്പുകള്‍ കരസേന സംഘടിപ്പിക്കും എന്നും മന്ത്രി പറയുന്നു. 

കരസേനയിലേക്ക് ആളുകളെ എടുക്കുന്നത് തുടര്‍ച്ചയായ ഒരു പ്രക്രിയ ആണ്. ഒഴിവുകള്‍ വരാന്‍ പല കാരണങ്ങള്‍ ഉണ്ട്. സമയാസമയം പോസ്റ്റുകളില്‍ വരുന്ന വ്യത്യാസം ഒഴിവുകള്‍ വരാന്‍ കാരണമാകാം. ഒപ്പം കഠിനമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയ, ദുര്‍ഘടമേറിയ ജോലി സാഹചര്യം, ഒപ്പം ജോലി സമയത്തെ അപകട സാധ്യത എന്നിവ പരമ്പരഗതമായി ആളുകളെ സൈന്യത്തിലേക്ക് ലഭിക്കുന്നതിലെ പ്രശ്നങ്ങളാണ് ഒപ്പം ഇങ്ങനെ ലഭിക്കുന്ന സൈനികരെ വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്‍മയുള്ള പരിശീലനവും ലഭ്യമാക്കാണം രാജ്നാഥ് സിംഗ് പറയുന്നു.

കുറച്ച് കാലമായി സൈന്യത്തിലെ ഈ കുറവ് കാണുന്നതിനാല്‍ യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള പരസ്യങ്ങള്‍ക്ക് കൂടുതല്‍ തുക സൈന്യം നീക്കി വയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷവും എട്ട് കോടി രൂപയാണ് സൈന്യം യുവാക്കളെ സൈന്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള പരസ്യങ്ങള്‍ക്ക് ചിലവാക്കിയത്.