വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.
ദില്ലി: അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം ലഭിക്കുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.
അറിയിപ്പ് വരുന്ന ദിവസം സേയുടെ കേന്ദ്രങ്ങളിൽ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാഗ്രതയ്ക്കുള്ള നിർദ്ദേശം സർക്കാർ നല്‍കിയിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ചില സംഘടനകൾ ഭാരത് ബന്ദിന് ഇന്നലെ ആഹ്വാനം ചെയ്ത സാഹചര്യത്തിലുള്ള സുരക്ഷാ നടപടി പല സംസ്ഥാനങ്ങളിലും ജനങ്ങളെ വലച്ചു. ഝാർഖണ്ടിൽ സ്കൂളുകൾ അടഞ്ഞ് കിടന്നു. ആകെ 529 ട്രെയിനുകൾ റദ്ദാക്കിയതോടെ പല സ്റ്റേഷനുകളിലും യാത്രക്കാർ കുടുങ്ങി. 181 എക്സ്പ്രസ് ട്രെയിനുകളും 348 പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയത്.
ഇതിനിടെ അഗ്നിവീറുകളെ നിയമിക്കുമെന്ന് സ്വകാര്യ കമ്പനികളും പ്രഖ്യാപിച്ചു തുടങ്ങി. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അഗ്നിവീറുകളെ സ്വാഗതം ചെയ്തു. പദ്ധതിയെ നൗക്രി ഡോട്ട് കോം സ്ഥാപകൻ സഞ്ജീവ് ബിക്ക്ചന്ദാനിയും സ്വാഗതം ചെയ്തു. സ്വകാര്യ മേഖലയുടെ സഹകരണം തേടുമെന്ന് ഇന്നലെ സേനകൾ അറിയിച്ചിരുന്നു. യുവാക്കളുടെ രോഷം തണുപ്പിക്കാനുള്ള രാഷ്ട്രീയ പ്രചാരണത്തിന് ബിജെപിയും തയ്യാറെടുക്കുകയാണ്. മന്ത്രിമാർ ഓരോ സംസ്ഥാനത്തുമെത്തി പദ്ധതി വിശദീകരിക്കുന്ന കാര്യവും ആലോചനയിലുണ്ട്.
