ബെംഗളുരു: ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് വേണ്ടി പോരാടുകയും ശൗര്യചക്ര നേടുകയും ചെയ്ത യുവ സൈനികന് അന്തിമോപചാരമര്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ സഞ്ചരിക്കുന്നത് രണ്ടായിരം കിലോമീറ്റര്‍. ശൗര്യചക്ര നേടിയ കേണല്‍ നവ്ജോത് സിങ് ബാലാണ് ഇന്നലെ ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി നവ്ജോത് സിങ് ബാല്‍ കാന്‍സറിനെതിരെ പോരാടുകയായിരുന്നു. ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിന്‍റെ ഭാഗമായിരുന്നു കേണല്‍ നവ്ജോത് സിങ് ബാല്‍. 

മുപ്പത്തൊന്‍പതുകാരനായ മകന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കുകയാണ് രക്ഷിതാക്കള്‍. രാജ്യവ്യാപക ലോക്ക് ഡൌണില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയത് മൂലം ഗുരുഗ്രാമില്‍ നിന്ന് റോഡ് മാര്‍ഗമാണ് നവ്ജോതിന്‍റെ രക്ഷിതാക്കള്‍ വരുന്നത്. ഇവരെ ബെംഗളുരുവിലേക്ക് എത്തിക്കാന്‍ വ്യോമസേന വിമാനം നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് മകനെ അവസാനമായി കാണാന്‍ റോഡ് മാര്‍ഗം പുറപ്പെടാന്‍ ഇവര്‍ തീരുമാനിച്ചത്. 

നവ്ജോതിന്‍റെ മൃതദേഹം ദില്ലിയിലേക്ക് എത്തിക്കാമെന്ന് സേന  നിര്‍ദേശങ്ങള്‍ വച്ചിരുന്നെങ്കിലും സംസ്കാരം ബെംഗളുരുവില്‍ വച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ നവ്ജോതിന്‍റെ മാതാപിതാക്കള്‍ ബെംഗളുരുവിലെത്തുമെന്നാണ് കണക്കാക്കുന്നത്. 2002ൽ സേനയിൽ ചേർന്ന നവ്ജോതിന് 2003ൽ കശ്മീർ താഴ്‍വരയിൽ ഭീകരര്‍ക്കെതിരായ പോരാട്ടത്തിനാണ് ശൗര്യചക്ര നേടിയത്. ബെംഗളൂരുവിലെ ആശുപത്രിയിൽ മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കാന്‍സറിന് ചികിത്സ നേടുന്നതിനിടെ 21 കിലോമീറ്റര്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയ നവ്ജോത് ഏറെ പേര്‍ക്ക് പ്രചോദനമായിരുന്നു. രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും ധൈര്യം കൈവിടാതെ പോരാടിയ നവ്ജോതിനെ പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി മികച്ച സേവനം കാഴ്ച വച്ചിരുന്നു. പഞ്ചാബ് സ്വദേശിയായ നവ്ജോത് ലഫ്. കേണൽ (റിട്ട) കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: അർതി. രണ്ട് ആൺമക്കളും ഭാര്യയ്ക്കുമൊപ്പം ബെംഗളുരുവിലായിരുന്നു നവ്ജോത് താമസിച്ചിരുന്നത്.