തലോജ: ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിന്നാലെ അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി. റായ്ഗഡ് പൊലീസാണ് ഞായറാഴ്ച രാവിലെ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റിയത്. അലിബാഗ് മുന്‍സിപ്പല്‍ സ്കൂളിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിന് ഇടയ്ക്കാണ് അര്‍ണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. 

2018 ല്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായ്ക്  ആത്മഹത്യ ചെയ്തതിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിര്‍മ്മാണത്തിന് 83 ലക്ഷം രൂപ അര്‍ണബ് നല്‍കാനുണ്ടായിരുന്നുവെന്ന് നായിക്കിന്‍റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് കേസേന്വേഷണം ആലിബാഗ് പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അന്‍വയ് നായിക്കിന്‍റെ ഭാര്യ അടുത്തിടെ നൽകിയ പുതിയ പരാതിയെ തുടര്‍ന്നാണ് കേസ് വീണ്ടും പൊലീസ് പൊടി തട്ടിയെടുത്തത്. 

വെള്ളിയാഴ്ച വൈകുന്നേരമാണ് അര്‍ണബ് സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വിവരം റായ്ഗഡ് ക്രൈംബ്രാഞ്ച് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. മറ്റാരുടേയോ മൊബൈല്‍ ഫോണിലായിരുന്നു അര്‍ണബിന്‍റെ സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍. ബുധനാഴ്ച വറളിയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ പൊലീസ് അര്‍ണാബിന്‍റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. അര്‍ണബിന് ഫോണ്‍ ലഭിച്ചത് എങ്ങനെയാണെന്നത് കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.