അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നരസ്പൂരിൽ കരയിൽ പ്രവേശിച്ചു. വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഡീഷയിൽ കനത്ത ജാഗ്രതാ നിർദ്ദേശവും റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ഭുവനേശ്വർ: അർണബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അർണബ്, നിലവിൽ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇതിനിടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്. 125 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ലാൻഡ്ഫാൾ നടപടികൾ രാവിലെ എട്ട് മണിയോടെ പൂർത്തിയായി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണത്തും കാക്കിനടയിലും ശക്തമായ മഴ തുടരുകയാണ്. ഒഡിഷയിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാപക നാശനഷ്ടം; ആൾനാശമില്ല
ചുഴലിക്കാറ്റിനെ തുടർന്ന് മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണ് വ്യാപകമായ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. എങ്കിലും ഇതുവരെ ആൾനാശമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കാക്കിനടയിൽ വെയർഹൗസിംഗ് ഗോഡൗണിൽ കുടുങ്ങിയ നാലുപേരെ പൊലീസ് വിജയകരമായി രക്ഷപ്പെടുത്തി. അപകടാവസ്ഥ പൂർണ്ണമായി ഒഴിയുന്നത് വരെ ജനങ്ങൾ വീട്ടിനകത്ത് തന്നെ തുടരണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും പൊലീസും വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മുന്നൊരുക്കങ്ങളുമായി ഒഡീഷ സർക്കാർ
അർണബ് ചുഴലിക്കാറ്റിനെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങളുമായി ഒഡീഷ സർക്കാർ. 26 ട്രെയിൻ സർവീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായി ഒഡീഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇതുവരെ വിവിധ ജില്ലകളിൽ നിന്നായി 48000 പേരെ മാറ്റി പാർപ്പിച്ചു. 1700 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉടനീളം തയ്യാറാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഇന്ന് പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 29 -ാം തിയതി വരെ ഒഡീഷ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






