യുപി ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ സമാജ്‌വാദി പാർട്ടിക്ക് നിർണ്ണായക വിജയം. ബിജെപിക്ക് മൊത്തത്തിൽ മുൻതൂക്കം ലഭിച്ചെങ്കിലും വാരണാസിയിലെ അധ്യാപക, ബിരുദധാരികളുടെ മണ്ഡലങ്ങൾ എസ്‍പി സ്വന്തമാക്കി. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ മാറ്റമായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്.

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിൽ തിളക്കമാർന്ന വിജയം നേടി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിക്ക് (എസ്‍പി). ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ കോട്ടയായ വാരണാസിയിൽ എസ്‍പി നിർണ്ണായക വിജയം നേടിയത്. വാരണാസി അധ്യാപക മണ്ഡലത്തിലെ സീറ്റ് നിലനിർത്തിയ എസ്‍പി, വാരണാസി ബിരുദധാരികളുടെ മണ്ഡലത്തിലും വ്യക്തമായ കുതിപ്പാണ് നടത്തിയത്. ബിജെപിക്ക് മൊത്തത്തിൽ മുൻതൂക്കം ലഭിച്ച തെരഞ്ഞെടുപ്പിൽ ആഗ്ര സീറ്റും എസ്‍പി സ്വന്തമാക്കി.

തെരഞ്ഞെടുപ്പ് നടന്ന 11 യുപി ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിൽ ലക്നൗ അധ്യാപക മണ്ഡലം, മീററ്റ്-സഹാരൻപൂർ അധ്യാപക മണ്ഡലം, ബറേലി-മൊറാദാബാദ് അധ്യാപക മണ്ഡലം, മീററ്റ്-സഹാരൻപൂർ ബിരുദധാരികളുടെ മണ്ഡലം എന്നിവയുൾപ്പെടെ അഞ്ച് സീറ്റുകളിൽ ബിജെപി വിജയം നേടിയിട്ടുണ്ട്. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ വിലയിരുത്തലുകളായാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്. ജാതി, മതം, പണം, മസിൽ പവർ എന്നിവയുടെ സ്വാധീനം കുറയ്ക്കുന്നതിനും വിദ്യാസമ്പന്നരായ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായാണ് ഭരണഘടന നിർമ്മാണ വേളയിൽ ഇത്തരത്തിലുള്ള അധ്യാപക, ബിരുദധാരികളുടെ മണ്ഡലങ്ങൾ രൂപീകരിച്ചത്.

പ്രധാനമന്ത്രിയുടെ മണ്ഡലം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാരണാസിയിലെ രണ്ട് സീറ്റുകളിൽ എസ്‍പി നേടിയ വിജയം രാഷ്ട്രീയമായി വലിയ ചർച്ചയായിട്ടുണ്ട്. വാരണാസി അധ്യാപക സീറ്റിൽ എസ്‍പിയുടെ ലാൽ ബിഹാരി യാദവ്, ബിജെപിയുടെ പ്രമോദ് കുമാർ മിശ്രയെ 4,898 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വാരണാസി ബിരുദധാരികളുടെ മണ്ഡലത്തിൽ എസ്‍പിയുടെ അശുതോഷ് സിൻഹയും വിജയമുറപ്പിച്ചിട്ടുണ്ട്. സർവകലാശാലകളിലെ ജാതി അടിസ്ഥാനപരമായ വിവേചനങ്ങൾ തടയുന്നതിനുള്ള യുജിസി ബിൽ ഈ തെരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്ന് ലാൽ ബിഹാരി യാദവ് വ്യക്തമാക്കി. തങ്ങളുടെ ജോലിക്ക് സുരക്ഷ ആഗ്രഹിക്കുന്ന അധ്യാപകർ സമാജ്‌വാദി പാർട്ടിക്കൊപ്പം ഉറച്ചുനിന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ശക്തികേന്ദ്രത്തിൽ കാറ്റ് മാറിവീശുന്നതിന്‍റെ സൂചനയാണ് വാരണാസിയിലെ ഈ വിജയമെന്ന് എസ്‍പി നേതാക്കൾ വിശേഷിപ്പിച്ചു.