Asianet News MalayalamAsianet News Malayalam

ആരോഗ്യസേതു ആപ്പിലെ വിവരങ്ങൾ ചോരുമെന്ന് വിദേശ ഹാക്കര്‍; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കേന്ദ്രം

ആരോഗ്യസേതു ആപ്പ് വിവരച്ചോർച്ചയ്ക്ക് സാധ്യത ഉള്ളതാണെന്ന ചില വിദേശികളുടെ അവകാശവാദം തള്ളിയാണ് കേന്ദ്ര വിശദീകരണം. നിയന്ത്രണാധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയെന്ന ആരോപണം തെറ്റെന്നും കേന്ദ്രം.

Arogya Setu app on privacy issue government responds
Author
Delhi, First Published May 6, 2020, 12:10 PM IST

ദില്ലി: കൊവിഡ് നിരീക്ഷണത്തിനുള്ള ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന വെല്ലുവിളിയുമായി ഫ്രഞ്ച് ഹാക്കര്‍. ആപ്പ് സുരക്ഷിതമാണെന്ന വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയെങ്കിലും വിവര ചോര്‍ച്ച സാധ്യമാണെന്ന് വീണ്ടും ഹാക്കര്‍ വ്യക്തമാക്കി. എന്നാൽ, ആപ്പിൽ വ്യക്തിവിവരങ്ങൾ ചോരുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ബ്ലൂടൂത്ത് ഡേറ്റയിലൂടെ കൊവിഡ് വ്യാപനമറിയുന്ന ആരോഗ്യ സേതു ആപ്പ് 9 കോടി ജനങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഈ ഒന്‍പത് കോടി ജനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന വെല്ലുവിളിയുമായി ഇന്നലെ രാത്രിയാണ് ഹാക്കര്‍ എലിയട്ട് ആല്‍ഡേഴ്സണ്‍ രംഗത്തെത്തിയത്. ആരോഗ്യ സേതുവിന്‍റെ ട്വിറ്റര്‍ പേജ് ടാഗ് ചെയ്ത ഹാക്കര്‍ ആപ്പില്‍ സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി. 9 കോടി ജനങ്ങളുടെ സ്വകാര്യത ചോര്‍ത്താനാകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞത് ശരിയാണെന്നും കുറിച്ചു. 

Also Read: ആരോഗ്യസേതു ആപ്പിനെതിരെ രാഹുൽ ഗാന്ധി; 'ഡാറ്റ സുരക്ഷയെക്കുറിച്ച് ആശങ്ക'

തൊട്ടുപിന്നാലെ വിവരസാങ്കേതിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും, കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് സംഘവും തന്നെ ബന്ധപ്പെട്ടതായും വിവര ചോര്‍ച്ച എങ്ങനെ സംഭവിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തിയതായും ആല്‍ഡേഴ്സ്ണ്‍ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ, ആരോഗ്യ സേതു ആപ്പ് ഭദ്രമാണെന്നും വിവര ചോർച്ചയുണ്ടാകുമെന്ന വെല്ലുവിളിക്ക് അടിസ്ഥാനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വിവര സുരക്ഷയിൽ പൂർണ്ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും ആപ്പിന്റെ നിയന്ത്രണാധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയെന്ന ആരോപണം തെറ്റാണെന്നും കോന്ദ്രം വിശദീകരിച്ചു. ഇതുവരെയും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.

തുടർന്നും വെല്ലുവിളിച്ച് രംഗത്തെത്തിയ ഹാക്കർ വിവരം എങ്ങനെ ചോരുമെന്ന് കാണിച്ച് തരാമെന്ന് പറഞ്ഞിരിക്കുകയാണ്. നേരത്തെ ആധാറിലെ വിവരങ്ങളും ചോർത്താനാകുമെന്ന വെല്ലുവിളിയുമായി എലിയട്ട് ആൽഡേഴ്സൺ രംഗത്തെത്തിയിരുന്നു. 

എന്താണ് ആരോ​ഗ്യസേതു ആപ്പ്?

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കോണ്‍ടാക്റ്റ് ട്രേസിങ്ങ് ആപ്ലിക്കേഷനാണ് ആരോഗ്യസേതു ആപ്പ്. ആപ്പ് പ്രവര്‍ത്തിക്കുക ഫോണ്‍ ലൊക്കേഷനും ബ്ലൂടൂത്ത് ഡാറ്റയും ഉപയോഗിച്ചാണ്. ആളുകള്‍ രോഗബാധയുള്ള സ്ഥലത്തോ രോഗിയുടെ അടുത്തോ പോയിട്ടുണ്ടോയെന്ന് ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. കഴിഞ്ഞ 2 ന് ആരോഗ്യ മന്ത്രാാലയം പുറത്തിറക്കിയ ആപ്പ് എല്ലാവരും ഉപയോഗിക്കണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. നാളെ മുതൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കും ആരോഗ്യസേതു നിർബന്ധമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios