ദില്ലി: ഡോ. ബി. ആര്‍ അംബേദ്കറിനും പെരിയാറിനുമെതിരായ പ്രസ്താവനയില്‍ പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകനായ ബാബാ രാംദേവിനെതിരെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുന്നു. ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടാണ് ട്വിറ്ററിലെ ഹാഷ് ടാഗ് പ്രതിഷേധം ശക്തമാക്കുന്നത്.  

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാതിവെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ വി രാമസ്വാമിയുടെയും ഡോ. ബി ആര്‍ അംബ്ദേകറിന്‍റെയും അനുയായികള്‍ ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാണെന്ന് ബാബാ രാംദേവ് ആരോപിച്ചിരുന്നു.

‘പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്‍മാരാണ്, വിശ്വാസികള്‍ അവര്‍ക്ക് അധമന്‍മാരാണ്, ദൈവം തെറ്റാണ്, അത്രയും മോശമാണ്’. പെരിയാറിന്റെ അനുയായികള്‍ വല്ലാതെ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുകയാണെന്നായിരുന്നു രാംദേവിന്‍റെ വാക്കുകള്‍. 

ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാര്‍ക്‌സിനെയും മാവോയെയും ആവശ്യമില്ലെന്നും അവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് പറഞ്ഞു. അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെല്ലാം മോശമാണ്. പെരിയാറിനെയും അംബേദ്കറിനെയുമെല്ലാം പിന്തുടരുന്നവര്‍ രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്നും രാംദേവ് പറഞ്ഞു.  

ബാബാരാംദേവിന്‍റെ പ്രസ്താവനക്കെതിരായ ഹാഷ്ടാഗ് പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍റിംഗ് ആണ്. പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ശക്തമാവുന്നത്. ഫേസ്ബുക്കടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലും ബാബാ രാദേവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.