കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

റായ്‌പൂർ: ഛത്തീസ്​ഗഡിലെ ദുർ​ഗിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കമലേശ്വരി പ്രധാൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ആരുയെടും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും പെൺകുട്ടി പ്രതികരിച്ചു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു.

വലിയ ഭീഷണി നേരിടുകയാണ് കമലേശ്വരി വെളിപ്പെടുത്തുന്നത്. തന്നെ ജ്യോതി ശർമ അടക്കം മർദ്ദിച്ചു. ജാതി പറഞ്ഞും അവർ അധിക്ഷേപിച്ചു. വലിയ സമ്മർദ്ദം ചെലുത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് ബലമായി മൊഴിയിൽ ഒപ്പിട്ടുവാങ്ങിയത്. വീട്ടിലെ സാഹചര്യം കൊണ്ട് സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകൾക്കൊപ്പം ജോലിക്ക് പോയതെന്നും പെൺകുട്ടി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകളെ നേരത്തെ പരിചയമുണ്ട്. പാചക ജോലി ചെയ്യുന്ന 10000 രൂപ മാസശമ്പളം ലഭിക്കുമായിരുന്നു. ആരുടെയും നിർബന്ധ പ്രകാരമല്ല ആഗ്രയിലേക്ക് പോകാൻ ഇറങ്ങിയതെന്നും പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. നിലവിൽ പൊലീസിൽ ജ്യോതി ശർമ്മയ്ക്കെതിരെ അടക്കം പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുക്കുമോ എന്ന കാര്യം അറിയില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും കമലേശ്വരി കൂട്ടിച്ചേര്‍ത്തു.