ഭുവനേശ്വര്‍: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളിലാണ് രാജ്യമിപ്പോള്‍. മധ്യപ്രദേശില്‍ വ്യത്യസ്തമായൊരു ഗണേശ രൂപം തീര്‍ത്താണ് പ്രമുഖ കലാകരാന്‍ സുദര്‍ശന്‍ പട്നായിക് ആഘോഷങ്ങളെ വരവേറ്റത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനമെന്ന ആഹ്വാനത്തെ പിന്തുണക്കുന്നതുകൂടിയാണ് ആ കലാരൂപം. 

മണലില്‍ നിര്‍മ്മിച്ച ഗണേശ രൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ കൂടിയാണ്. പുരി ബീച്ചിലാണ് ഗണേശ ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കൂ, പ്രകൃതിയെ സംരക്ഷിക്കൂ എന്നീ മുദ്രാവാക്യങ്ങളും അദ്ദേഹം ശില്‍പ്പത്തിനൊപ്പം എഴുതി വച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്ലാസ്റ്റിക്കിനെതിരായ പ്രചാരണത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇത്തരമൊരു ശില്‍പ്പം നിര്‍മ്മിച്ചതെന്ന് സുദര്‍ശന്‍ പട്നായിക് പറഞ്ഞു. 

''ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന്  ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്'' - സുദര്‍ശന്‍ പട്നായിക് പറഞ്ഞു. 10 അടി ഉയരമുള്ള ശില്‍പ്പമാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ടണ്‍ മണലും 1000 പ്ലാസ്റ്റിക് കുപ്പികളും സുദര്‍ശന്‍  ഉപയോഗിച്ചു. 

റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പ്ലാസ്റ്റിക്കിനിതിരെ പുതിയ വിപ്ലവം തുടങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ ഇത് ആരംഭിക്കണമെന്നായിരുന്നു ആഹ്വാനം. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. സ്വാതന്ത്രദിന പ്രസംഗത്തിലും 'പ്ലാസ്റ്റിക് വിമുക്ത ഇന്ത്യ' എന്ന സ്വപ്നം മോദി പങ്കുവച്ചിരുന്നു. 

2018ല്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ദിവസവും 15000 ടണ്‍ പ്ലാസ്റ്റിക്കുകളാണ് പുറന്തള്ളുന്നത്. ഇതില്‍ 9000 ടണ്‍ പ്ലാസ്റ്റിക് പനരുപയോഗിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ബാക്കി 6000 ടണ്‍ പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്തതാണ്.