ദില്ലിയില്‍ ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തുകയാണെന്നും എംഎൽഎമാരെ കൂറുമാറാൻ പ്രേരിപ്പിച്ചുവെന്നും കെജ്രിവാളും എഎപിയും അടുത്തിടെ ആരോപിച്ചിരുന്നു. 

ദില്ലി: പഞ്ചാബില്‍ ആംആദ്മി എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ബി.ജെ.പി ശ്രമിച്ചതായി ആരോപിച്ച് അരവിന്ദ് കെജ്രിവാള്‍. ആം ആദ്മി പാർട്ടിയുടെ 11 എംഎൽഎമാരെ ബിജെപി തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഗോവയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് പതിനൊന്നില്‍ എട്ട് എം‌എൽ‌എമാരെയും സംസ്ഥാനത്തെ ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്ന ദിവസമാണ് ദില്ലിയിലും പഞ്ചാബിലും ആംആദ്മിയില്‍ നിന്നും സമാനമായ കൂറുമാറ്റങ്ങൾക്കായി ബി.ജെ.പി ഗൂഢാലോചന നടത്തിയെന്ന് കെജ്രിവാള്‍ ആരോപിക്കുന്നത്.

“ഞങ്ങളുടെ 10 എംഎൽഎമാരെ പഞ്ചാബിൽ ബിജെപി സമീപിച്ചു; അവർ എംഎൽഎമാരെ വാങ്ങി സർക്കാരുകളെ തകർക്കുകയാണ്,” അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. "ഓപ്പറേഷൻ ലോട്ടസിന്‍റെ പേരിൽ കോടികൾ ചെലവഴിച്ച് ബിജെപി എം‌എൽ‌എമാരെ വേട്ടയാടുകയാണ്, ഇത് തെറ്റാണ്. എന്നാൽ ഇത് കോൺഗ്രസിന്‍റെ കൂടി തെറ്റാണ്. ദില്ലിയിലും പഞ്ചാബിലും ബിജെപിക്ക് ഞങ്ങളുടെ എംഎൽഎമാരെ വിലയ്ക്കെടുക്കാന്‍ കഴിഞ്ഞില്ല," കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

ദിനേശ് ഛദ്ദ, രമൺ അറോറ, ബുദ്ധ് റാം, കുൽവന്ത് പണ്ടോരി, നരീന്ദർ കൗർ ഭരജ്, രജനിഷ് ദാഹിയ, രൂപീന്ദർ സിംഗ് ഹാപ്പി, ശീതൾ അംഗുറൽ, മഞ്ജിത് സിംഗ് ബിലാസ്പൂർ, ലഭ് സിംഗ് ഉഗോകെ, ബൽജീന്ദർ കൗർ തുടങ്ങിയ എംഎൽഎമാരാണ് സമീപിച്ചതെന്ന് എഎപിയുടെ പഞ്ചാബ് മന്ത്രി ഹർപാൽ ചീമ പറഞ്ഞു. പഞ്ചാബ് പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് ആംആദ്മി പരാതി നൽകിയിട്ടുണ്ട്. ഫോൺ കോളുകള്‍ അടക്കം തെളിവുകള്‍ കൈമാറിയതായും ആംആദ്മി പറഞ്ഞു. എംഎല്‍എമാര്‍ക്ക് 25 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

ദില്ലിയില്‍ ബിജെപി ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തുകയാണെന്നും എംഎൽഎമാരെ കൂറുമാറാൻ പ്രേരിപ്പിച്ചുവെന്നും കെജ്രിവാളും എഎപിയും അടുത്തിടെ ആരോപിച്ചിരുന്നു. ദില്ലിയില്‍ പരാജയപ്പെട്ട ബിജെപി പഞ്ചാബിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് പാർട്ടിയുടെ വാദം. 

ബിഎംഡബ്യു പഞ്ചാബില്‍ പ്ലാന്‍റ് സ്ഥാപിക്കും എന്ന് പഞ്ചാബ് മുഖ്യമന്ത്രി; അങ്ങനെ പദ്ധതിയില്ലെന്ന് പിന്നാലെ കമ്പനി