Asianet News MalayalamAsianet News Malayalam

സമരം അക്രമാസക്തം: സ്ഥിതി നിയന്ത്രിക്കാൻ ഇടപെടണമെന്ന് ലഫ്. ഗവർണറോട് കെജ്‍രിവാൾ

പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികൾ എല്ലാം സ്വീകരിക്കുമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി 

arvind kejriwal reaction about dilli protest
Author
Delhi, First Published Dec 15, 2019, 8:21 PM IST

ദില്ലി: പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യതലസ്ഥാനത്തേയ്ക്ക്. ദില്ലിയില്‍ ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസ് അടക്കമുള്ള പ്രദേശങ്ങളില്‍ വന്‍ സംഘര്‍ഷമാണ് ഉടലെടുത്തത്. സംസ്ഥാനത്ത് നാല് മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ്, വസന്ത് വിഹാർ, മുനിർക, അർ.കെ പുരം  സ്റ്റേഷനുകളാണ് അടച്ചത്. പൊലീസ് ക്യാമ്പസിനുള്ളില്‍ അടക്കം കടന്നുകൂടി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും രംഗത്തെത്തി. 

പൊലീസ് ക്യാമ്പസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദ്ദിച്ചെന്നും  സർവകലാശാല  ചീഫ് പ്രോക്ടർ വസീം അഹമദ് ഖാന്‍ പറഞ്ഞു. അതേസമയം സ്ഥിതി ശാന്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ലഫ്. ഗവർണ്ണറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി. പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികൾ എല്ലാം സ്വീകരിക്കുമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ദില്ലിയില്‍ നടക്കുന്ന പൊലീസിന്‍റെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിയെന്ന നില‍യില്‍ അരവിന്ദ് കെജ്‍രിവാളിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ല. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കാണ് ഇക്കാര്യത്തില്‍ തീരുമാനങ്ങളിലേക്ക് എത്താന്‍ സാധിക്കുക. അക്കാരണത്താലാണ് പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികൾ എല്ലാം സ്വീകരിക്കണമെന്ന്  മുഖ്യമന്ത്രി ലഫ്. ഗവർണ്ണറോട്  ആവശ്യപ്പെട്ടത്. 

അതേസമയം ജാമിയ മിലിയ സ‍ർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരങ്ങൾ അക്രമാസക്തമായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ അടക്കം റിപ്പോര്‍ട്ട് ചെയ്തു. 

വൈകിട്ടോടെയാണ് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തിനിടെ അക്രമമുണ്ടായത്. ക്യാമ്പസിനടുത്തുള്ള പ്രദേശങ്ങളിൽ നാല് ബസ്സുകൾ അടക്കം പത്ത് വാഹനങ്ങൾ കത്തിച്ചു. സുഖ്‍ദേബ് ബിഹാർ, ഫ്രണ്ട്സ് കോളനി പരിസരങ്ങളിൽ വൻ അക്രമം അരങ്ങേറി. പൊലീസ് ക്യാമ്പസിനകത്തേക്ക് തുടർച്ചയായി കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. എല്ലാ ഗേറ്റുകളും പൊലീസ് അടച്ചു. ഫയർഫോഴ്സിന്‍റേതടക്കമുള്ള വാഹനങ്ങൾ കത്തിച്ചു.

 

Follow Us:
Download App:
  • android
  • ios