ദില്ലി: ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റും. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാര്‍ കെജ്‍രിവാളിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കെജ്‍രിവാളിനെക്കൂടാതെ ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കും താനെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 

രാംലീല മൈതാനിയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് അരവിന്ദ് കെജ്‍രിവാള്‍ മൂന്നാം തവണയും ദില്ലി മുഖ്യമന്ത്രിയായി അധികാരമേറ്റത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരാണ് കെജ്‍രിവാളിനൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍.  കഴിഞ്ഞ കെജ്‍രിവാള്‍ മന്ത്രിസഭയിലും ഇവര്‍ അംഗങ്ങളായിരുന്നു. 

ദില്ലിയുടെ വികസനത്തിന് ചുക്കാന്‍ പിടിച്ച, വിവിധ മേഖലകളില്‍ നിന്നുള്ള അമ്പതോളം പേരായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികള്‍.   മിനി മഫ്ളര്‍മാന്‍, ബേബി കെജ്‍രിവാള്‍ എന്നീ വിശേഷണങ്ങളിലൂടെ ശ്രദ്ധേയനായ ഒരു വയസ്സുകാരന്‍ അവ്യാന്‍ തോമറും ചടങ്ങിനെത്തിയിരുന്നു. 

Read Also: വരൂ, നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ'; ദില്ലിയിലെ ജനങ്ങളോട് കെജ്‍രിവാള്‍