ദില്ലി: യുഎസ്​ പ്രഥമ വനിത മെലാനിയ ട്രംപി​നെ ദില്ലി സർക്കാർ സ്​കൂൾ സന്ദർശന പരിപാടിയിലേക്ക് സ്വാ​ഗതം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ്​ കെജ്‍രിവാൾ. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിന് വേണ്ടിയാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് കെജ്‍രിവാൾ മെലാനിയെ സ്വാ​ഗതം ചെയ്തത്.

''നമ്മുടെ സ്കൂളിലെ ഹാപ്പിനെസ്സ് ക്ലാസ്സിൽ പങ്കെടുക്കാൻ മെലാനിയ ട്രംപ് ഇന്നെത്തും. ഞങ്ങളുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും മികച്ച ദിവസമാണിന്ന്. നൂറ്റാണ്ടുകളായി ഇന്ത്യ ലോകത്തെ ആത്മീയത പഠിപ്പിച്ചുവരുകയാണ്. ഞങ്ങളുടെ സ്കൂളിൽ നിന്ന് സന്തോഷത്തിന്റെ സന്ദേശം പകർന്നെടുക്കുന്നതിൽ സന്തോഷമുണ്ട്'', അരവിന്ദ് കെജ്‍രിവാൾ ട്വീറ്റിൽ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ദില്ലിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മെലാന സമയം ചെലവഴിക്കും. 'ഹാപ്പിനെസ്സ് കരിക്കുലം' പദ്ധതിയുടെ ഭാഗമായുള്ള ഒരു ക്ലാസിലാണ് മെലാനിയ ട്രംപ് പങ്കെടുക്കുക.

Read More: മെലാനിയയുടെ സ്കൂള്‍ സന്ദര്‍ശനം; കെജ്‍​രിവാളിനെ കേന്ദ്രം ഒഴിവാക്കിയെന്ന് എഎപി

2018ൽ കെജ്‍രിവാൾ സർക്കാർ‌ നടപ്പിലാക്കിയ ഹാപ്പിനെസ്സ് ക്ലാസ് ലോകശ്രദ്ധപ്പിടിച്ചു പറ്റിയ പദ്ധതിയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് പദ്ധതി അവതരിപ്പിച്ചത്. വിദ്യാര്‍ഥികളിലെ പരിമുറുക്കം, മാനസിക സമ്മര്‍ദ്ദം, ആശങ്ക, ഉല്‍കണ്ഠ എന്നിവ അകറ്റുന്നതിനും കുട്ടികളുടെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനുമായാണ് ഹാപ്പിനസ് കരിക്കുലം പദ്ധതി നടപ്പിലാക്കിയത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഹാപ്പിനെസ്സ് ക്ലാസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.