സുരക്ഷാ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് നടപടി. ഏറെ നേരം നീണ്ട വാ​ഗ്വാദത്തിനൊടുവിലാണ് കെജ്രിവാളിനെ ‌യാത്രതുടരാൻ പൊലീസ് അനുവദിച്ചത്. 

ഗാന്ധിന​ഗർ: ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനായി പോയ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമാ‌യ അരവിന്ദ് കെജ്രിവാളിനെ വഴിയിൽ തടഞ്ഞ് ​ഗുജറാത്ത് പൊലീസ്. സുരക്ഷാ കാരണം ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസ് നടപടി. ഏറെ നേരം നീണ്ട വാ​ഗ്വാദത്തിനൊടുവിലാണ് കെജ്രിവാളിനെ ‌യാത്രതുടരാൻ പൊലീസ് അനുവദിച്ചത്. 

അഹമ്മദാബാദിലെ ഓട്ടോറിക്ഷാ ഡ്രൈവർ കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചതും അത്താഴം കഴിക്കാനെത്താമെന്ന് അദ്ദേഹം സമ്മതിച്ചതും ഇന്ന് വാർത്തയായിരുന്നു. എട്ട് മണിയോടെ എത്താമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്. ഇതനുസരിച്ച് താൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഏഴരയോടെ കെജ്രിവാൾ പുറപ്പെട്ടു. രണ്ട് പാർട്ടിപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അപ്പോഴാണ് പൊലീസുകാർ വണ്ടി ത‌ടഞ്ഞത്. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനാൽ യാത്ര തുടരാനാവില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിനെ കെജ്രിവാൾ എതിർത്തു. ഏറെനേരം ഇരുകൂ‌ട്ടരും തർക്കിച്ചു. ഒടുവിൽ കെജ്രിവാളിന് മുമ്പിൽ പൊലീസ് തോറ്റുമടങ്ങി. 

Scroll to load tweet…

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ​ഗുജറാത്തിൽ പര്യടനത്തിലാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പര്യടനത്തിനിടെ അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോ​ഗത്തിൽ പങ്കെടുത്തപ്പോഴാണ് കെജ്രിവാളിനോട് അവരിലാരാൾ തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്ന് ചോദിച്ചത്. നിമിഷങ്ങൾക്കകം തന്നെ കെജ്രിവാൾ സമ്മതം മൂളി. 

"ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ?" ഇതായിരുന്നു ചോദ്യം. 
"തീർച്ചയായും വരും" ഉടനടി കെജ്രിവാൾ മറുപടി നൽകി. " ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ​ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോ‌ട് വലി‌യ സ്നേഹമാണ്. ഇന്ന് വൈകിട്ട് വരട്ടെ അത്താഴം കഴിക്കാൻ? എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും". കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽ നിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചു. 

വൻ കരഘോഷത്തോടെയാണ് യോ​ഗത്തിലുണ്ടായിരുന്നവർ ഈ സംഭാഷണത്തെ ഏറ്റെടുത്തത്. ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

Read Also; മയക്കുമരുന്ന് ഉപയോ​ഗിച്ചു, നടക്കാനാവാതെ റോഡിൽ; യുവതിയു‌ടെ വീഡിയോ വൈറൽ, ന‌ടപടിയെടുത്ത് പൊലീസ്