ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്. 

മുംബൈ: റഫാല്‍ വിമാനം ഏറ്റുവാങ്ങിയപ്പോള്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെ പരിഹസിച്ച് മജ്‍ലിസ് ഇ ഇത്തെഹാദുല്‍ മുസ്ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി. നാരങ്ങ ഉപയോഗിച്ചതിനെയടക്കമാണ് ഒവൈസി പരിഹസിച്ചത്. 

''സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നു''വെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. മുംബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒവൈസി. ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന മുംബൈ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് ഒവൈസി മുംബൈയിലെത്തിയത്. 

ഫ്രാന്‍സില്‍ നിര്‍മ്മിച്ച യുദ്ധവിമാനം ഒക്ടോബര്‍ 9ന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്. വിമാനം കൈമാറുന്ന ചടങ്ങ് ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തിയതിനെതിരെ രാജ്നാഥ് സിംഗിനും കേന്ദ്രത്തിനുമെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.