ദില്ലി: അസമിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന ഷഹീന്‍ ബാഗ് ഏകോപന സമിതി തലവനും ജെഎന്‍യു ​ഗവേഷക വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിന്റെ വിവാദപ്രസ്താവനയെ അപലപിച്ച് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകർക്കാനോ വേർപ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഇന്ത്യയെയോ ഇന്ത്യയിലെ മറ്റെതെങ്കിലും പ്രദേശത്തേയോ തകർക്കാൻ ആർക്കും കഴിയില്ല. ഇത്തരം പ്രസ്താവനകൾ അം​ഗീകരിക്കാൻ കഴിയുന്നതല്ല. താനിതിനെ അപലപിക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യമായ സംഭാഷണങ്ങൾ പൊറുക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

അലിഗഡ്​ മുസ്​ലിം സർവകലാശാലയിൽ ജനുവരി 16ന്​ നടത്തിയ ഷര്‍ജീല്‍ ഇമാമിന്റെ പ്രസം​ഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി നേതാവ് സമ്പിത് പത്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. നമ്മളൊരുമിച്ചാൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഷർജീൻ പ്രസം​ഗത്തിൽ പറയുന്നു.

അസമിലെ മുസ്ലിംകൾ‌ക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? അവിടെ എൻആർസി നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. അവിടെയുള്ള മുസ്ലിംകളെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്. ഹിന്ദുവോ മുസ്ലീംമോ ആയ മുഴുവൻ ബം​ഗാളികളും കൊല്ലപ്പെട്ടു കഴി‍ഞ്ഞ് ആറോ എട്ടോ മാസത്തിനുള്ളിൽ നമുക്ക് അത് മനസ്സിലാക്കിയേക്കും. അസമിനെ സഹായിക്കണമെന്നുണ്ടെങ്കിൽ, അസമിലേക്കുള്ള ഇന്ത്യൻ സൈന്യത്തിന്റെയും മറ്റ് വിതരണക്കാരുടെയും വഴി തടസ്സപ്പെടുത്തേണ്ടിവരും. 'കോഴിയുടെ കഴുത്ത് മുസ്‌ലിംകൾക്കുള്ളതാണ്'.

നമ്മളെല്ലാവരും ഒരുമിക്കുകയാണെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനാകും. അസമിനെ വേർപ്പെടുത്തുക എന്നത് നമ്മളുടെ ഉത്തരവാദിത്വമാണ്. ഇങ്ങനെ സംഭവിച്ചാൽ മാത്രമെ സർക്കാർ നമ്മുക്ക് ശ്രദ്ധനൽകുകയുള്ളൂ, ഷർജീൽ പറഞ്ഞു.

ഷർജീലിന്റെ വിദ്വേഷപ്രസം​ഗത്തെ തുടർന്ന് ഇയാൾക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.  ക്രിമിനൽ ​ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ വിവാദപ്രസ്താവനകൾ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഷർജീലിനെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം പുറപ്പെട്ടതായി അലി​ഗഡ് എസ്എസ്പി ആകാശ് കുൽഹാരി പറഞ്ഞു.