ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തെ രൂക്ഷമായി വമിര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണോ ഇതെന്ന് ഒവൈസി ട്വീറ്റിലൂടെ ചോദിച്ചു.

'ഇത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയാണോ? ഇങ്ങനെയാണെങ്കില്‍ ജഡ്ജിമാരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമേല്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് വിശ്വാസമുണ്ടാകുക'- ഒവൈസി ട്വിറ്ററില്‍ കുറിച്ചു. 

ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൊഗോയിയുടേതുമായി ഉണ്ടായിരുന്ന വ്യത്യാസങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു കപില്‍ സിബലിന്‍റെ ട്വീറ്റ്. ഇത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണെന്നും ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം പിടിച്ചു കുലുക്കുന്ന നടപടിയാണെന്നമായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ പ്രതികരണം.