ദില്ലി: ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് 17ാം ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നത്. അക്കൂട്ടത്തിലാണ് അസദുദ്ദിന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞയും ശ്രദ്ധേയമാകുന്നത്.

ഹൈദരാബാദില്‍ നിന്ന് പാര്‍ലമെന്‍റിലെത്തിയ എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞയ്ക്കായി എഴുന്നേറ്റപ്പോള്‍ തന്നെ സഭയില്‍ ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികള്‍ മുഴങ്ങി. ചിരിച്ചുകൊണ്ട് നടന്നുനീങ്ങിയ ഒവൈസി കൈ ഉയര്‍ത്തി എല്ലാം പ്രോത്സാഹിപ്പിക്കാനും മറന്നില്ല. സത്യപ്രതിജ്ഞയ്ക്കിടെ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ ഒവൈസിയുടെ മറുപടിയുമെത്തി. ജയ് ഭീം, ജയ് മീം എന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞ ഒവൈസി അല്ലാഹുഅക്ബര്‍ എന്ന തക്ബീര്‍ മുഴക്കിയ ശേഷം ജയ് ഹിന്ദ് എന്നും വിളിച്ച ശേഷമാണ് കസേരയിലേക്ക് മടങ്ങിയത്.

 

ഓള്‍ ഇന്ത്യാ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടിയുടെ അടിത്തറ രാജ്യത്താകമാനം വര്‍ധിപ്പിക്കാനായി തുടങ്ങിയ ക്യാംപെയിനാണ് ജയ് ഭീം, ജയ് മീം. ദളിത് വിഭാഗക്കാരെ ഒപ്പം നിര്‍ത്തുകയെന്നതായിരുന്നു ജയ് ഭീമിലൂടെ ഉദ്ദേശിച്ചത്. ജയ് മീം മുസ്ലിം വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.